ആദ്യം അച്ഛന്‍, നടുവില്‍ മക്കള്‍, അവസാനം അമ്മ, വിലാപയാത്ര അഞ്ച് ആംബുലന്‍സുകളില്‍; കണ്ണിരടക്കാനാവാതെ നാട് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th January 2020 07:41 AM  |  

Last Updated: 24th January 2020 07:50 AM  |   A+A-   |  

nepal_tragedy

 

തിരിവനന്തപുരം: നാടിനെ കണ്ണീരിലാഴ്ത്തി പ്രവീണ്‍ കുമാറും കുടുംബവും നാട്ടില്‍ തിരിച്ചെത്തി. വിലാപയാത്രയായി വീട്ടിലേക്ക് എത്തിച്ച് വെള്ളിയാഴ്ച രാവിലെ വീട്ടുവളപ്പില്‍ സംസ്‌കാരം. വ്യാഴാഴ്ച രാത്രിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. 

പ്രവീണിന്റേയും കുടുംബാംഗങ്ങളുടേയും മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴേക്കും ബന്ധുക്കളും സുഹൃത്തുക്കളും വിതുമ്പലടക്കാന്‍ പാടുപെട്ടു. യാത്ര ഏറെ ഇഷ്ടപ്പെട്ടിരുന്ന പ്രവീണും കുടുംബവും ഓരോ യാത്ര കഴിഞ്ഞ് സന്തോഷത്തോടെ നാട്ടില്‍ മടങ്ങിയെത്തുന്ന ഓര്‍മകളാണ് എല്ലാവരുടേയും മനസിലുള്ളത്. 

അഞ്ച് ആംബുലന്‍സകളില്‍ വിലാപയാത്ര ആയിട്ടാവും പ്രവീണ്‍ കുമാറിന്റേയും ശരണ്യയുടേയും മൂന്ന് മക്കളുടേയും മൃതദേഹങ്ങള്‍ വീട്ടിലെത്തിക്കുക. ആദ്യ ആംബുലന്‍സില്‍ അച്ഛന്‍ പ്രവീണിന്റെ മൃതദേഹം, പിന്നീടുള്ള മൂന്നെണ്ണത്തില്‍ മൂന്ന കുട്ടി ശ്രീഭദ്ര, രണ്ടാമത്തെ മകള്‍ ആര്‍ച്ച, ഇളയകുട്ടി അഭിനവ്...അഞ്ചാമത്തെ ആംബുലന്‍സില്‍ അമ്മ ശരണ്യ എന്ന ക്രമത്തിലാവും യാത്ര...വീട്ടുമുറ്റത്ത് അച്ഛന്റേയും അമ്മയുടേയും ഇടയില്‍ മൂന്ന് മക്കള്‍ എത്ത രീതിയിലാവും മൊബൈല്‍ മോര്‍ച്ചറികള്‍ ക്രമീകരിക്കുക. 

മേയര്‍ കെ ശ്രീകുമാര്‍, എം വിന്‍സന്റ് എംഎല്‍എ, കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍, ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് തുടങ്ങിയവര്‍ ചേര്‍ന്നാണ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയത്. പ്രവിണിന്റേയും ശരണ്യയുടേയും സംസ്‌കാര ക്രിയകള്‍ ചെയ്യുന്നത് ശരണ്യയുടെ സഹോദരി ഐശ്വര്യയുടെ മകന്‍ ആരവ് ആണ്. മൂന്ന് കുട്ടികളേയും വീട്ടുവളപ്പിലെ ഒരേ കുഴിമാടത്തില്‍ ചടങ്ങുകളില്ലാതെ സംസ്‌കരിക്കും. ഇരുവശത്തും അച്ഛനമ്മമാര്‍ക്ക് ചിതയൊരുക്കും.

കോഴിക്കോട് കുന്ദമംഗലം സ്വദേശികളായ രഞ്ജിത്തിന്റേയും ഭാര്യയുടേയും മകന്റേയും മൃതദേഹങ്ങള്‍ ഇന്ന് കോഴിക്കോട് എത്തിക്കും. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് കുന്നമംഗലം താളിക്കുണ്ട് പുനത്തിലെ രഞ്ജിത്തിന്റെ തറവാട്ടു വളപ്പിലാണ് സംസ്‌കാരം.