കളിയിക്കാവിളയില്‍ എഎസ്‌ഐ വില്‍സനെ കുത്തിയ കത്തി തമ്പാനൂരില്‍ നിന്നും കണ്ടെടുത്തു
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th January 2020 12:04 PM |
Last Updated: 24th January 2020 12:04 PM | A+A A- |
കൊച്ചി : കളിയിക്കാവിളയില്‍ എഎസ്‌ഐ വില്‍സനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു. തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നാണ് കത്തി കണ്ടെടുത്തത്. തമിഴ്‌നാട് ക്യൂ ബ്രാഞ്ചും കേരള പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് കത്തി കണ്ടെടുത്തത്. വെടിവെക്കുന്നതിന് മുമ്പ് പ്രതികള്‍ വില്‍സനെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചിരുന്നു. ഇതിന് ശേഷമാണ് വെടിവെച്ച് കൊന്നത്.
കൊലപാതകത്തിന് ശേഷം തമ്പാനൂരില്‍ എത്തിയ പ്രതികള്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് കത്തി ഉപേക്ഷിച്ചശേഷം എറണാകുളത്തേക്ക് വണ്ടി കയറുകയായിരുന്നു. എറണാകുളത്ത് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെടിവെക്കാനുപയോഗിച്ച തോക്ക് ഉപേക്ഷിക്കുകയും ചെയ്തു. ഈ തോക്ക് ഇന്നലെ പ്രതികളുമൊത്തുള്ള തെളിവെടുപ്പില്‍ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് കണ്ടെടുത്തിരുന്നു.
ഫെബ്രുവരി എട്ടാംതീയതി രാത്രി 9.30നാണ് കളിയിക്കാവിള ചെക്ക്‌പോസ്റ്റില്‍ വെച്ച് എഎസ്‌ഐ വില്‍സനെ വെടിവെച്ച് കൊലപ്പെടുത്തുന്നത്. എഎസ്‌ഐയെ വെടിവെച്ചുകൊന്ന തൗഫീക്ക്, അബ്ദുല്‍ ഷമീം എന്നിവരെ കര്‍ണാടകയിലെ ഉഡുപ്പിയിലെ ഇന്ദ്രാണി സ്‌റ്റേഷനില്‍ നിന്നും പൊലീസ് പിടികൂടിയിരുന്നു. ഇവര്‍ അല്‍ ഉമ്മ എന്ന ഭീകരസംഘടനയുടെ പ്രവര്‍ത്തകരാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തോക്ക് കൈമാറിയ ഇജാസ് പാഷയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.