'പ്രധാനം അവരെ പുറത്താക്കുകയാണ്, ഇനിയും അവര്‍ തുടര്‍ന്നാല്‍ ഇന്ത്യ എന്ന രാഷ്ട്രം അവസാനിക്കും'
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th January 2020 01:11 PM |
Last Updated: 24th January 2020 01:11 PM | A+A A- |

കെഎന്‍ പണിക്കര്‍/ ചിത്രം: വിന്‍സെന്റ് പുളിക്കല്‍
കൊച്ചി: പൗരത്വ നിയമഭേദഗതി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമായിരുന്നെങ്കില്‍ ബിജെപി ജയിക്കുമായിരുന്നില്ലെന്ന ചരിത്രകാരന്‍ കെഎന്‍ പണിക്കര്‍. ആര്‍എസ്എസ് ജനാധിപത്യ വിരുദ്ധ ശക്തിയാണെന്നും അവരുടെ അജന്‍ഡയാണ് ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും സമകാലിക മലയാളം വാരികയുമായുള്ള അഭിമുഖത്തില്‍ കെഎന്‍ പണിക്കര്‍ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതി പ്രകടനപത്രികയില്‍ പറഞ്ഞിരുന്നെങ്കിലും അതിന്റെ പേരിലല്ല ക്യാംപെയ്ന്‍ നടന്നത്. അതിന്റെ പേരില്‍ ക്യാംപെയ്ന്‍ നടന്നിരുന്നെങ്കില്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നു പ്രതികരണം ഉണ്ടാകുമായിരുന്നു. ഇതൊരു പ്രധാനപ്പെട്ട വിഷയമായി വന്നിട്ടില്ല. പ്രകടനപത്രികയില്‍ പലതും പറയുമല്ലോ. അതെല്ലാം അടിയന്തരമായി പ്രാവര്‍ത്തികമാക്കാന്‍ പോകുന്ന കാര്യങ്ങളല്ല. തങ്ങള്‍ക്കു വോട്ടു ചെയ്യുന്ന വിഭാഗങ്ങളെ തൃപ്തിപ്പെടുത്താനുള്ള കാര്യങ്ങളായാണ് ആളുകള്‍ അതു കാണുന്നത്- പണിക്കര്‍ പറഞ്ഞു.
സംഘ്പരിവാര്‍ പ്രതിനിധാനം ചെയ്യുന്നത് ഒരു ബൂര്‍ഷ്വാ ജനാധിപത്യ രാഷ്ട്രീയ സംവിധാനത്തെയല്ല, മറിച്ച് ഒരു ഫാസിസ്റ്റ് ഏകാധിപത്യ ശക്തിയെയാണ്. ബി.ജെ.പി, ആര്‍.എസ്.എസ് പിന്തുണയുള്ള രാഷ്ട്രീയപ്പാര്‍ട്ടിയാണ്. ആര്‍.എസ്.എസ് വളരെ വ്യക്തമായിട്ടും ഒരു ജനാധിപത്യവിരുദ്ധ ശക്തിയാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് ആര്‍.എസ്.എസ്സിന്റെ അജന്‍ഡയാണ്. ഈ അജന്‍ഡ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ തുടക്കം മുതല്‍തന്നെ അവര്‍ പ്രഖ്യാപിച്ചിട്ടുള്ളതുമാണ്. അതു കാണാതെ പോയി; ശരിയായി മനസ്സിലാക്കാതെ പോയി. അധികാരത്തില്‍ വന്നതോടെ തങ്ങള്‍ക്കു ജനപിന്തുണയുണ്ട് എന്നു വാദിക്കാന്‍ അവര്‍ക്കു സാധിച്ചു. ഈ ജനപിന്തുണ കപടമായി സൃഷ്ടിക്കപ്പെട്ട ഒരുതരം ജനപിന്തുണയാണ്. അതു നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ ദൗര്‍ബ്ബല്യമാണ് എന്നു വേണമെങ്കില്‍ പറയാം- പണിക്കര്‍ അഭിപ്രായപ്പെട്ടു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ക്കു പൊതുനേതൃത്വം ഇല്ലാത്തതു നല്ല കാര്യമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതുനേതൃത്വം ഉണ്ടായാല്‍ ഇതിനിടയിലുള്ള വൈരുധ്യങ്ങളൊക്കെ പുറത്തുവരും. അതാണ് സംഭവിക്കുക. സമൂഹത്തില്‍ പലവിധത്തിലുള്ള താല്പര്യങ്ങളുണ്ട്. ഏതെങ്കിലും പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കാനോ മേധാവിത്വം ചെലുത്താനോ ശ്രമിച്ചാല്‍ അതൊക്കെ പുറത്തുവരും; ചോദ്യം ചെയ്യപ്പെടുകയും ചെയ്യും. അങ്ങനെവന്നാല്‍ ഒരു കൂട്ടായ ജനസഞ്ചയത്തിന്റെ പ്രസ്ഥാനമായി മാറാന്‍ കഴിയില്ല. നമുക്കു മുന്നില്‍ എത്രയോ ഉദാഹരണങ്ങളുണ്ട്. പൊതുനേതൃത്വം പ്രശ്‌നമായി വരുന്നത് ഇന്നു നിലവിലുള്ള ഭരണം മാറ്റപ്പെടുമ്പോഴാണ്. അപ്പോഴാണ് ഭാവിപരിപാടി എന്താണ് എന്ന ചോദ്യമുയരുക. അതുവരെ പ്രധാനപ്പെട്ട കാര്യം ഈ ഭരണത്തെ പുറത്താക്കുക എന്നതാണ്. ഇവരെ ഇനിയും തുടരാന്‍ സമ്മതിക്കുകയാണെങ്കില്‍ ഇന്ത്യ എന്ന രാഷ്ട്രം അവസാനിക്കും- പണിക്കര്‍ അഭിമുഖത്തില്‍ പറയുന്നു.
കെഎന്‍ പണിക്കരുമായുള്ള അഭിമുഖം ഈ ലക്കം സമകാലിക മലയാളം വാരികയില്‍