സൗദിയില്‍ മലയാളി നഴ്‌സിനെ ബാധിച്ചത് ചൈനയിലെ വൈറസ് അല്ല, മെഴ്‌സിന് കാരണമായതെന്ന് സ്ഥിരീകരണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th January 2020 06:30 AM |
Last Updated: 24th January 2020 06:31 AM | A+A A- |

റിയാദ്: സൗദി അറേബ്യയിലെ മലയാളി നഴ്‌സിനെ ബാധിച്ചത് ചൈനയില്‍ കണ്ടെത്തിയ കൊറോണ വൈറസ് അല്ലെന്ന് സ്ഥിരീകരണം. മെഴ്‌സിന് കാരണമായ കൊറോണ വൈറസാണ് മലയാളി നഴ്‌സിനെ ബാധിച്ചതെന്ന് ജിദ്ദയിലെ ഇന്ത്യന്‍ നയതന്ത്ര മന്ത്രാലയം വ്യക്തമാക്കി. 2012ല്‍ കണ്ടെത്തിയ ഈ രോഗം ചികിത്സാ വിധേയമാണ്.
വൈറസ് ബാധയേറ്റ കോട്ടയം സ്വദേശിനിയായ നഴ്‌സുമായി അടുത്ത് ഇടപഴകിയ നഴ്‌സുമാരെ പ്രത്യേകം മുറികളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. സൗദി അറേബ്യയിലെ അസീര്‍ അബഹ അല്‍ ഹയാത് ആശുപത്രിയിലാണ് മുപ്പത് മലയാളി നഴ്‌സുമാരെ പ്രവേശിപ്പിച്ചിരിക്കുന്നത്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിയായ നഴ്‌സിനെ സൗദി ആരോഗ്യമന്ത്രാലയത്തിന്റെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇരുപതുപേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. പത്ത് പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ല. തങ്ങളേയും പരിശോധനയ്ക്ക് വിധേയമാക്കണം എന്ന് കഴിഞ്ഞ നാല് ദിവസമായി ഇവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇതിന് തയ്യാറാവുന്നില്ലെന്ന് ഇവരുടെ കുടുംബം ആരോപിക്കുന്നു.
ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്ന തങ്ങള്‍ക്ക് കൃത്യമായി ഭക്ഷണം ലഭിക്കുന്നില്ലെന്ന് നഴ്‌സുമാര്‍ പരാതി ഉന്നയിച്ചു. റിയാദിലെ ഇന്ത്യന്‍ എംബസി ഇടപെട്ടതോടെയാണ് ഈ പ്രശ്‌നം പരിഹരിച്ചത്.