എന്താണോ പറഞ്ഞത്, അതില്‍ ഉറച്ചുനില്‍ക്കുന്നു; കൂടുതല്‍ പറയാന്‍ പ്രയാസമുണ്ട്: പി ജയരാജന്‍

പന്തീരാങ്കാവ് യുഎപിഎ കേസില്‍ മുന്‍പ് പറഞ്ഞ നിലപാടില്‍ത്തന്നെ ഉറച്ചുനില്‍ക്കുന്നുവെന്ന് സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍
എന്താണോ പറഞ്ഞത്, അതില്‍ ഉറച്ചുനില്‍ക്കുന്നു; കൂടുതല്‍ പറയാന്‍ പ്രയാസമുണ്ട്: പി ജയരാജന്‍

കണ്ണൂര്‍: പന്തീരാങ്കാവ് യുഎപിഎ കേസില്‍ മുന്‍പ് പറഞ്ഞ നിലപാടില്‍ത്തന്നെ ഉറച്ചുനില്‍ക്കുന്നുവെന്ന് സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. 'യുഎപിഎ കാര്യത്തിലും വിദ്യാര്‍ഥികളുടെ രാഷ്ട്രീയ നിലപാടിന്റെ കാര്യത്തിലും കെഎല്‍എഫ് കോഴിക്കോട് വേദിയിലും ഫേസ്ബുക്കിലും എന്താണോ പറഞ്ഞതും എഴുതിയതും അതില്‍ പൂര്‍ണമായും ഉറച്ചുനില്‍ക്കുന്നു. ഫേസ്ബുക്കില്‍ രേഖപ്പെടുത്തിയതുപോലെ എന്‍ഐഎ ഏറ്റെടുത്ത കേസെന്ന നിലയില്‍ കൂടുതല്‍ പറയാന്‍ പ്രയാസമുണ്ട്. അതേ സമയം അതെ സമയം മാവോയിസ്റ്റുകളെയും ഇസ്ലാമിസ്റ്റുകളെയും തുറന്നുകാണിക്കാനുള്ള ശ്രമം തുടരേണ്ടതുമുണ്ട്.'- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 

'യുഎപിഎ കേസില്‍പെട്ട കോഴിക്കോട്ടെ രണ്ട് വിദ്യാര്‍ത്ഥികളുടെ വിഷയം കോണ്‍ഗ്രസ് നേതാക്കന്‍മാരുടെ വീട് സന്ദര്‍ശനത്തിലൂടെ വീണ്ടും ചര്‍ച്ചാവിഷയമായിരിക്കയാണ്. പല മാധ്യമ സുഹൃത്തുക്കളും അഭിപ്രായം ആരാഞ്ഞുകൊണ്ട് സമീപിച്ചതിനാലാണ് വീണ്ടും പ്രതികരിക്കുന്നത്. സിപിഐഎമ്മിനകത്ത് ഇക്കാര്യത്തില്‍ ഭിന്ന നിലപാട് ഉണ്ടെന്ന് വരുത്താനാണ് ഒരു വിഭാഗം മാധ്യമങ്ങളുടെ ശ്രമം.

യുഎപിഎ കാര്യത്തിലും വിദ്യാര്‍ഥികളുടെ രാഷ്ട്രീയ നിലപാടിന്റെ കാര്യത്തിലും കെഎല്‍എഫ് കോഴിക്കോട് വേദിയിലും ഫേസ്ബുക്കിലും എന്താണോ പറഞ്ഞതും എഴുതിയതും അതില്‍ പൂര്‍ണമായും ഉറച്ചുനില്‍ക്കുന്നു. ഫേസ്ബുക്കില്‍ രേഖപ്പെടുത്തിയതുപോലെ എന്‍ഐഎ ഏറ്റെടുത്ത കേസെന്ന നിലയില്‍ കൂടുതല്‍ പറയാന്‍ പ്രയാസമുണ്ട്. അതേ സമയം അതെ സമയം മാവോയിസ്റ്റുകളെയും ഇസ്ലാമിസ്റ്റുകളെയും തുറന്നുകാണിക്കാനുള്ള ശ്രമം തുടരേണ്ടതുമുണ്ട്.പ്രത്യേകമായി ക്യാമ്പസുകള്‍.'- അദ്ദേഹം കുറിച്ചു. 

'സിപിഐഎമ്മിന് ഇക്കാര്യത്തില്‍ ഒറ്റ നിലപാടാണ്.എന്നാല്‍ യുഡിഎഫിനോ? യുഎപിഎ കേസ് ഞങ്ങളിങ്ങേറ്റെടുക്കും എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. ഇതേ ചെന്നിത്തല ആഭ്യന്തര മന്ത്രി ആയപ്പോള്‍ ആണ് സെന്‍കുമാറിനെ ഉപയോഗപ്പെടുത്തിക്കൊണ്ട് കേരളത്തില്‍ യുഎപിഎ നിയമം ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്തത്. മോഡി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ യുഎപിഎ നിയമ ഭേദഗതി കൊണ്ടുവന്നപ്പോള്‍ അതിനെ എതിര്‍ക്കാന്‍ ഒരൊറ്റ കോണ്‍ഗ്രസ്സുകാരനും ഉണ്ടായിരുന്നില്ല. ഇടതുപക്ഷം മാത്രമാണ് എതിര്‍ത്തത്. ജനുവരി 26 ന്റെ ഭരണഘടനാ സംരക്ഷണ മനുഷ്യ മഹാ ശൃംഖലയില്‍ യുഡിഎഫ് അണികള്‍ ഉള്‍പ്പടെ പങ്കെടുക്കും എന്ന് വന്നപ്പോളാണ് ചെന്നിത്തല ഇപ്പോള്‍ ഒരു നാടകവുമായി ഇറങ്ങിയിരിക്കുന്നത്. അര സംഘിയാണ് ഇദ്ദേഹമെന്നു കോണ്‍ഗ്രസ്സുകാര്‍ക്ക് തന്നെ ആക്ഷേപമുണ്ട്. അതില്‍ നിന്ന് രക്ഷപ്പെടാനുള്ള കാട്ടികൂട്ടലുകളും ആവാം.'- ജയരാജന്‍ പറഞ്ഞു. 

നേരത്തെ, അലന്‍ ഷുഹൈബിനും താഹ ഫസലിനും എതിരെ യുഎപിഎ ചുമത്തിയത് ശരിയല്ലെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പരാമര്‍ശം വിവാദമയായിരുന്നു. വിഷയം സിപിഎമ്മിനുള്ളില്‍ വീണ്ടും ചര്‍ച്ച ആയതോടെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് പറഞ്ഞ് മോഹനന്‍ രംഗത്തെത്തി. ഈ വിഷയത്തില്‍ പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും ഒരേനിലപാടാണ്. താന്‍ പറഞ്ഞ കാര്യങ്ങള്‍ ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും പി മോഹന്‍ പറഞ്ഞു.

സര്‍ക്കാരിന് സര്‍ക്കാരിന്റേതായ വാദങ്ങളുണ്ടെന്നാണ്, ഇരുവരും മാവോയിസ്റ്റുകള്‍ തന്നെയാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടല്ലോയെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ പി മോഹനന്‍ പ്രതികരിച്ചത്. സിപിഎം ഇക്കാര്യത്തില്‍ പരിശോധന നടത്തിവരികയാണ്. അലന്റെയും താഹയുടെയും ഭാഗം കേള്‍ക്കാന്‍ കഴിയാത്തതിനാലാണ് പരിശോധന നീണ്ടുപോവുന്നത്. ജുഡീഷ്യല്‍ കസ്റ്റിഡിയില്‍ ആയതിനാലാണ് അവര്‍ക്കു പറയാനുള്ളത് കേള്‍ക്കാനാവത്തതെന്ന് മോഹനന്‍ പറഞ്ഞു. 

എന്നാല്‍ പ്രസ്താവന വിവാദമായതോടെ, യുഎപിഎ വിഷയത്തില്‍ സര്‍ക്കാരിന് നിയമപരമായാണ് മുന്നോട്ടു പോകാനാവുകയെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ താന്‍ പറഞ്ഞത്. അതിനെ മുഖ്യമന്ത്രിക്കെതിരാക്കി ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു എന്ന് ആരോപിച്ച് മോഹനന്‍ രംഗത്തെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com