എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം; ആലപ്പുഴ ജില്ലയില്‍ കെഎസ്‌യു പഠിപ്പ് മുടക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th January 2020 08:52 AM  |  

Last Updated: 24th January 2020 08:52 AM  |   A+A-   |  

ksu

 

കായംകുളം: എംഎസ്എം കോളേജില്‍ കെഎസ്‌യു-എസ്എഫ്‌ഐ സംഘര്‍ഷത്തെത്തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്‌യു. സംഘര്‍ഷത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളുടെ മൊഴിയെടുക്കാന്‍ ആശുപത്രിയിലെത്തിയ പൊലീസുമായി കെഎസ്‌യു -എംഎസ്എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഒരു പൊലീസുകാരന് പരിക്കേറ്റു. 

മര്‍ദനമേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുഡിഎസ്എഫ് പ്രവര്‍ത്തകരുടെ മൊഴിയെടുക്കാനെത്തിയ പൊലീസുമായാണ് പ്രവര്‍ത്തകര്‍ ഉന്തുംതള്ളുമുണ്ടായത്. അടിപിടിക്കിടെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മഹേഷിന് കഴുത്തിന് പരിക്കേറ്റു. പുറത്തുനിന്നെത്തിയ പ്രവര്‍ത്തകരും പൊലീസുമായാണ് സംഘര്‍ഷം ഉണ്ടായത്. 

തുടര്‍ന്ന് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെയിലും വീണ്ടും സംഘര്‍ഷമുണ്ടായി. സുഹൈല്‍, അസര്‍ സലാം, ഇജാസ് എന്നീ പ്രവര്‍ത്തകരെ കായംകുളം പൊലീസ് അറസ്റ്റുചെയ്തു. സ്‌റ്റേഷനില്‍വച്ച് പൊലീസ് ക്രൂരമായി മര്‍ദിച്ചതായി കെഎസ്‌യു നേതാക്കള്‍ ആരോപിച്ചു. ഇതിനിടെ കെഎസ്‌യു പ്രവര്‍ത്തകനെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ സഹായിച്ച ഡിവൈഎഫ്‌ഐ പ്രവര്‍തതകന്‍ ഫൈസലിനെ ഒരുസംഘം വെട്ടി. ഡിവൈഎഫ്‌ഐക്കാര്‍ തന്നെയാണ് അക്രമിച്ചതെന്നാണ് ആരോപണം. എംഎസ്എം കോളജിലെ യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളാണ് അക്രമങ്ങളില്‍ കലാശിച്ചത്.