മലപ്പുറത്ത് പൗരത്വ നിയമത്തെ അനുകൂലിച്ച ഹിന്ദുക്കള്‍ക്ക് കുടിവെള്ളം മുടക്കിയെന്ന് ആരോപണം, പ്രചാരണവുമായി ബിജെപി എംപി, നിഷേധിച്ച് മുസ്ലിം കുടുംബം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th January 2020 10:25 AM  |  

Last Updated: 24th January 2020 10:25 AM  |   A+A-   |  

കുടുംബങ്ങള്‍ക്ക് വെള്ളം നല്‍കുന്ന സേവാഭാരതി പ്രവര്‍ത്തകര്‍/ചിത്രം: എക്‌സ്പ്രസ്‌

 

മലപ്പുറം: പൗരത്വ നിയമത്തെ അനുകൂലിച്ച ഹിന്ദു കുടുംബങ്ങള്‍ക്ക് നിഷേധിച്ചുവെന്ന് ആരോപണം. മലപ്പുറത്ത് ചെറുകുന്ന് കോളനിയിലെ പട്ടികവിഭാഗത്തില്‍പ്പെട്ട 21കുടുംബങ്ങള്‍ക്കാണ് കുടിവെള്ളം നല്‍കുന്നില്ലെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്. പൗരത്വ നിയമത്തെ അനുകൂലിച്ചതുകൊണ്ട് ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതുകൊണ്ട് ഇവര്‍ക്ക് നല്‍കിയിരുന്ന കുടിവെള്ള വിതരണം മുസ്ലിം കുടുംബം അവസാനിപ്പിച്ചു എന്നാണ് ആരോപണം. അതേസമയം, ബിജെപി മനപ്പൂര്‍വം വിവാദം സൃഷ്ടിക്കുകയാണെന്നും പമ്പിനുണ്ടായ തകരാര്‍ കാരണമാണ് വെള്ളം മുടങ്ങിയത് എന്നുമാണ് മുസ്ലിം കുടുംബം വ്യക്തമാക്കുന്നത്. 

ഇത് ചൂണ്ടിക്കാട്ടി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയ ബിജെപി കര്‍ണാടക എംപി ശോഭ കരന്ത്‌ലജെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിന് 153(എ)വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. സുപ്രീംകോടതി അഭിഭാഷകനായ സുഭാഷ് ചന്ദ്രന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 

ചെറുകുന്ന് കോളനിയിലെ പട്ടിക വിഭാഗത്തില്‍പ്പെട്ട  21 കുടുംബങ്ങള്‍ക്കാണ് ഒരാഴ്ചയായി കുടിവെള്ളം ലഭിക്കാത്തത്. കോളിനയിലുള്ള മുസ്ലിം കുടുബമാണ് മൂന്നു ബക്കറ്റ് വീതം വെള്ളം ബാക്കി കുടുംബങ്ങള്‍ക്ക് സ്ഥിരമായി നല്‍കിക്കൊണ്ടിരുന്നത്. ബിജെപിയുടെ പരിപാടിയില്‍ പങ്കെടുത്ത ശേഷം ഇവര്‍ തങ്ങള്‍ക്ക് വെള്ളം നല്‍കുന്നില്ലെന്ന് മറ്റു കുടുംബങ്ങള്‍ പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 

'പൗരത്വ നിയമത്തെ അനുകൂലിക്കുന്ന പരിപാടിയില്‍ ഞങ്ങളുടെ ഭര്‍ത്താക്കന്‍മാര്‍ പങ്കെടുത്തിരുന്നു. ഇത് കാരണമാണ് വെള്ളം നല്‍കാത്തത്. പൗരത്വ നിയമം അവരുടെ സമുദായത്തിന് എതിരാണെന്ന് പറഞ്ഞാണ് വെള്ളം നല്‍കാത്തത്.' കുടുംബങ്ങളില്‍ ഒരാളായ രാജി അജികുമാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിനാല്‍ മറ്റുള്ളവര്‍ തങ്ങളെ അകറ്റിനിര്‍ത്തുകയാണെന്നും ഇവര്‍ പറയുന്നു. ബിജെപി അനുകൂലികള്‍ ആയതിനാല്‍ ഞങ്ങളോട് പ്രദേശത്തുള്ളവര്‍ നേരെ സംസാരിക്കുന്നതുപോലുമില്ല. നേരത്തെ തന്നുകൊണ്ടിരുന്ന ദിവസക്കൂലി ജോലിപോലും ഇപ്പോള്‍ നല്‍കുന്നില്ലെന്നും കോളനിയിലെ ബിജെപി നേതാവ് മോഹനന്‍ പറയുന്നു. 

എന്നാല്‍ ഇവരുടെ ആരോപണം മുസ്ലിം കുടുംബം നിഷേധിച്ചു. തങ്ങള്‍ പൗരത്വ നിയമത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നാണ് ഇവരുടെ വിശദീകരണം. ഒരു കിലോമീറ്റര്‍ അകലെയുള്ള തങ്ങളുടെ വീട്ടില്‍ നിന്നും വാട്ടര്‍ പമ്പ് വഴിയാണ് വെള്ളം ശേഖരിക്കുന്നത്. പമ്പിന് ചില പ്രശ്‌നങ്ങള്‍ നേരിട്ടതുകൊണ്ടാണ് ഇപ്പോള്‍ വെള്ളം നല്‍കാത്തതെന്ന് ഇവര്‍ വ്യക്തമാക്കി. ബിജെപി അനാവശ്യ വിവാദം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും ഇവര്‍ പറയുന്നു. 

കര്‍ണാടകയിലെ ബിജെപി എംപി ശോഭ കരന്ത്‌ലജെ സാമൂഹ്യ മാധ്യമങ്ങളില്‍ രംഗത്ത് വന്നതോടെയാണ് വിഷയം ദേശീയ ശ്രദ്ധ നേടിയത്.  കേരളം മറ്റൊരു കശ്മീരാകാനുള്ള ചെറിയ കാല്‍വെപ്പ് നടത്തിയെന്നും മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചുവെന്നുമാണ് ശോഭ കരന്ത്‌ലജെ ട്വീറ്റ് ചെയ്തത്. സേവാഭാരതിയാണ് ഇവര്‍ക്ക് കുടിവെള്ളം നല്‍കുന്നതെന്നും ഇവര്‍ ട്വീറ്റ് തെയ്തു. 

പ്രദേശത്ത് കുടിവെള്ള പ്രശ്‌നം നേരത്തെയും നിലനിന്നിരുന്നതാണ്. വിഷയത്തില്‍ പ്രാദേശിക ഭരണകൂടം ഇടപെട്ടിട്ടുണ്ട്. എത്രയും വേഗം കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള മാര്‍ഗം സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.