ദൂരെയുള്ള ടവര്‍ ലൊക്കേഷന്‍ കാണിച്ച ഫോണ്‍ അപ്രതീക്ഷിതമായി കിടപ്പറയില്‍ ; രൂപശ്രീ കൊലപാതകത്തിന്റെ ചുരുളഴിച്ചത് ഇങ്ങനെ

നേരത്തെ പ്രതിയെ കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും വ്യക്തമായ തെളിവുകള്‍ കിട്ടാതിരുന്നതോടെ വിട്ടയക്കുകയായിരുന്നു
ദൂരെയുള്ള ടവര്‍ ലൊക്കേഷന്‍ കാണിച്ച ഫോണ്‍ അപ്രതീക്ഷിതമായി കിടപ്പറയില്‍ ; രൂപശ്രീ കൊലപാതകത്തിന്റെ ചുരുളഴിച്ചത് ഇങ്ങനെ


കാസര്‍കോട്: കാസര്‍കോട് മഞ്ചേശ്വരം മിയാപദവിയിലെ അധ്യാപിക രൂപശ്രീയെ, പിടിയിലായ അധ്യാപകന്‍ വെങ്കിട്ടരമണ കരന്തര വീട്ടില്‍ വെച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് സൂചിപ്പിച്ചു. ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊല്ലപ്പെട്ട രൂപശ്രീയും പിടിയിലായ അധ്യാപകനും തമ്മില്‍ നേരത്തെ തന്നെ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. ഇതേച്ചൊല്ലിയുള്ള പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. നേരത്തെ പ്രതിയെ കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും വ്യക്തമായ തെളിവുകള്‍ കിട്ടാതിരുന്നതോടെ വിട്ടയക്കുകയായിരുന്നു.

അധ്യാപികയുടേത് മുങ്ങിമരണമാണെന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും സൂചിപ്പിച്ചിരുന്നത്. എന്നാല്‍ രൂപശ്രീയുടെ മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ഉറപ്പിച്ചു പറഞ്ഞു. ലോക്കല്‍ പൊലീസിന് വ്യക്തമായ തെളിവു കണ്ടെത്താനാകാതിരുന്നതോടെ, കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. ക്രൈംബ്രാഞ്ച് സംഘം നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇത് കൊലപാതകമാണെന്ന് തെളിഞ്ഞത്.

രൂപശ്രീയെ വീട്ടിനകത്ത് വെച്ച് കൊലപ്പെടുത്തിയശേഷം കാറില്‍ കോയിപ്പാടി കടപ്പുറത്ത് കൊണ്ടുപോയി തള്ളുകയായിരുന്നു.  തലമുടി മുറിച്ചുനീക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ വെങ്കിട്ടരമണയുടെ കാറില്‍ നിന്നും രൂപശ്രീയുടെ മുടി അടക്കമുള്ള തെളിവുകള്‍ ഫൊറന്‍സിക് സംഘം കണ്ടെത്തി.

രൂപശ്രീയുടെ ബാഗും ഐഡന്റിറ്റി കാര്‍ഡും ഒരു സ്മാര്‍ട്ട് ഫോണും കാണാതായിരുന്നു. ഇത് കേസന്വേഷണം വഴി തിരിച്ചുവിടാനായി ഇത് പലഭാഗങ്ങളിലായി വെങ്കിട്ടരമണ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബാഗും ഐഡന്റിറ്റി കാര്‍ഡും കണ്ണൂര്‍ കടപ്പുറത്ത് ഉപേക്ഷിച്ചു. ഇത് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. കൂടാതെ, കാണാതായ സ്മാര്‍ട്ട് ഫോണ്‍ രൂപശ്രീയുടെ ബെഡ്‌റൂമില്‍ നിന്നും കണ്ടെത്തി. രൂപശ്രീ മരിച്ചശേഷം ദൂരെയുള്ള ടവര്‍ ലൊക്കേഷനാണ് ഫോണ്‍ കാണിച്ചിരുന്നത്. ഈ ഫോണ്‍ എങ്ങനെ അധ്യാപികയുടെ ബെഡ്‌റൂമിലെത്തി എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നാണ് അന്വേഷിക്കുന്നത്.

രൂപശ്രീയെ കാണാതാകുന്നതിന് തൊട്ടുമുമ്പ് വെങ്കിട്ടരമണ ഫോണില്‍ സംസാരിച്ചതും, ഒരുമിച്ച് ഉണ്ടായിരുന്നതിന്റെയും തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു. കണ്ടെടുത്ത ഫോണില്‍ നിന്നും ഇരുവരും തമ്മിലുള്ള വ്യക്തിപരമായ അടുപ്പം വെളിവാക്കുന്ന വാട്‌സ് ആപ്പ് സന്ദേശങ്ങളും പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കൂടെ ജോലി ചെയ്തിരുന്ന അധ്യാപകന്‍ നിരന്തരം ശല്യം ചെയ്തിരുന്നതായി രൂപശ്രീയുടെ ഭര്‍ത്താവ് ചന്ദ്രന്‍ വെളിപ്പെടുത്തിയിരുന്നു. അയാളില്‍ നിന്ന് കൊല്ലുമെന്ന് ഭീഷണിയുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.

മിയാപദവ് എസ്‌വിഎച്ച്എസ്എസിലെ അധ്യാപികയായ രൂപശ്രീയെ ഈ മാസം 16നാണു കാണാതായത്. ഉച്ചയ്ക്ക് സ്‌കൂളില്‍ നിന്ന് ഇറങ്ങിയ രൂപശ്രീ ഹൊസങ്കടിയില്‍ സഹപ്രവര്‍ത്തകയുടെ ബന്ധുവിന്റെ വിവാഹച്ചടങ്ങിലും, മകള്‍ പഠിക്കുന്ന മഞ്ചേശ്വരത്തെ സ്‌കൂളിലും എത്തിയിരുന്നു. വൈകിട്ടു വീട്ടിലെത്താത്തതിനാല്‍ രൂപശ്രീയുടെ രണ്ടു ഫോണുകളിലും വിളിച്ചെങ്കിലും ഒരെണ്ണം സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

മൂന്നു ദിവസത്തിന് ശേഷം അഴുകിത്തുടങ്ങിയ നിലയില്‍ കുമ്പള കോയിപ്പാടി കടപ്പുറത്ത് രൂപശ്രീയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തലമുടി മുറിച്ചുനീക്കിയ നിലയിലായിരുന്നു മൃതദേഹം. കടപ്പുറത്ത് കൂടി നടന്നുപോവുകയായിരുന്ന മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. വിവാഹമോതിരം വച്ചാണു ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം കടലില്‍ ഉപേക്ഷിക്കാന്‍ അധ്യാപകന്‍ വെങ്കിട്ടരമണയെ സഹായിച്ച ഒരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം കടലില്‍ തള്ളാന്‍ കാറില്‍ കൊണ്ടുപോകുമ്പോള്‍ ഇയാളും ഒപ്പമുണ്ടായിരുന്നു എന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com