ഏറ്റുമുട്ടല്‍ ഇല്ല; സര്‍ക്കാരിനെ ഉപദേശിക്കാനും തിരുത്താനും അധികാരമുണ്ട്: ഗവര്‍ണര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th January 2020 12:55 PM  |  

Last Updated: 25th January 2020 12:55 PM  |   A+A-   |  

ARIF_KHAN

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഭരണഘടനാപരവും നിയമപരവുമാണെന്ന് ഉറപ്പുവരുത്തല്‍ തന്റെ ചുമതലയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ ഖാന്‍. താന്‍ സര്‍ക്കാരുമായി ഏറ്റുമുട്ടലിന്റെ പാതയില്‍ അല്ല. സര്‍ക്കാരിനെ ഉപദേശിക്കാനും തിരുത്താനും തനിക്ക് അധികാരമുണ്ടെന്ന് ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഭരണഘടനാപരമാണെന്ന ഉറപ്പുവരുത്തല്‍ ഗവര്‍ണറുടെ ചുമതലയില്‍ പെടും. ഇക്കാര്യം സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. ഭരണഘടനയനുസരിച്ച് സര്‍ക്കാരിന്റെ തലവന്‍ ഗവര്‍ണര്‍ ആണ്. സര്‍ക്കാരുമായി യാതൊരു വിധത്തിലുമുള്ള ഏറ്റുമുട്ടലുമില്ല. ഭരണഘടനാപരമായ ചുമതല നിര്‍വഹിക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്ന്, പൗരത്വ നിയമ ഭേദഗതിയെച്ചൊല്ലി സര്‍ക്കാരുമായുള്ള ഭിന്നത തുടരുന്നതിനിടെ ഗവര്‍ണര്‍ വിശദീകരിച്ചു.

താന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുകയല്ല, സംഘര്‍ഷവും ഇല്ല. മന്ത്രിസഭയുടെ ഉപദേശത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടയാളാണ് ഗവര്‍ണര്‍ എന്ന ബോധ്യം തനിക്കുണ്ട്. സര്‍ക്കാര്‍ തെരഞ്ഞെടുക്കപ്പെട്ട സംവിധാനമാണ്. അതിനെ മാനിക്കുന്നു. എന്നാല്‍ അത്തരമൊരു സംവിധാനം ഭരണഘടനാപരമായും നിയമപരവുമായുമാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്- ഗവര്‍ണര്‍ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത് ചട്ടലംഘനമാണെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു. നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമത്തിന് എതിരായ പരാമര്‍ശമുണ്ടെങ്കില്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുമോയെന്ന ചോദ്യത്തിന് ഭരണഘടനാപരമായിരിക്കും തന്റെ പ്രവര്‍ത്തനമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. 

ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യത്തെ സ്വാഗതം ചെയ്യുന്നു. എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ഗവര്‍ണര്‍  പറഞ്ഞു.