'ഒന്നും മിണ്ടാതെ' ഭാഗ്യദേവത കൺമുന്നിലെത്തി, കൈപിടിച്ചു ; സജിക്ക്  65 ലക്ഷം രൂപ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th January 2020 09:52 AM  |  

Last Updated: 25th January 2020 09:52 AM  |   A+A-   |  

 

തിരുവനന്തപുരം : പണമില്ലാതെ വലഞ്ഞ സജിക്ക് മുന്നിൽ കൈനിറയെ പണവുമായി ഭാ​ഗ്യദേവതയെത്തി. വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം തിരുവനന്തപുരം സ്വദേശിക്ക് സജിക്ക് ലഭിച്ചു. സംസാരശേഷിയോ കേൾവിശക്തിയോ ഇല്ലാത്ത സജിക്കും ഭാര്യ അനിലയ്ക്കും മുന്നിൽ ഭാ​ഗ്യം ഒന്നാം സമ്മാനത്തിന്റെ രൂപത്തിലായിരുന്നു എത്തിയത്.

കഴിഞ്ഞ പതിമൂന്നാം തീയതി നറുക്കെടുത്ത വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപയാണ് വട്ടിയൂർക്കാവ്, വെെള്ളെക്കടവ് അരുവിക്കുഴി വീട്ടിൽ സജിക്ക് (43) ലഭിച്ചത്. ഗാർഡനിങ്‌ പണിക്കാരനായ സജി, പണി ഇല്ലാത്തപ്പോൾ ലോട്ടറി വില്പനയും നടത്തിയിരുന്നു. എന്നാൽ, വില്പനയ്ക്കായി ടിക്കറ്റെടുക്കാൻ തിങ്കളാഴ്ച സജിയുടെ കൈയിൽ പണമുണ്ടായിരുന്നില്ല.

പോക്കറ്റിൽ ആകെയുണ്ടായിരുന്ന അമ്പതു രൂപ കൊടുത്ത് വട്ടിയൂർക്കാവിലെ എം എച്ച് ലോട്ടറിക്കടയിൽനിന്ന്‌ 30 രൂപയുടെ ഒരു ടിക്കറ്റെടുത്തു. സജി എടുത്ത WP 717310 എന്ന ടിക്കറ്റിനായിരുന്നു ഒന്നാംസമ്മാനം. വൈകീട്ട് ഫലം മൊബൈലിൽ നോക്കിയ സജി ആദ്യം അമ്പരന്നു. സമ്മാനം തനിക്കാണെന്ന് ഉറപ്പുവരുത്തിയ സജി, സമ്മാനാർഹമായ ടിക്കറ്റ് എസ്.ബി.ഐ. വട്ടിയൂർക്കാവ് ശാഖയിൽ ഏല്പിച്ചു. നല്ലൊരു വീട്, വട്ടിയൂർക്കാവ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ ഏക മകൻ സന്തോഷിനെ പഠിപ്പിച്ച് നല്ല നിലയിലെത്തിക്കണം എന്നിവയാണ് സജിയുടെയും കുടുംബത്തിന്റെയും വലിയ ആ​ഗ്രഹങ്ങൾ.