ബ്യൂട്ടിപാര്‍ലര്‍ മാനേജര്‍ കൊല്ലപ്പെട്ട നിലയില്‍ ; ജീവനക്കാരനെ തേടി പൊലീസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th January 2020 01:51 PM |
Last Updated: 25th January 2020 01:51 PM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി : കൊച്ചി കാക്കനാട് ബ്യൂട്ടിപാര്‍ലര്‍ മാനേജര്‍ കൊല്ലപ്പെട്ട നിലയില്‍. കാക്കനാടിന് സമീപം തെങ്ങോടുള്ള ബ്യൂട്ടിപാര്‍ലര്‍ മാനേജരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സെക്കന്തരാബാദ് സ്വദേശി വിജയ് ശ്രീധരനാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ സ്ഥാപനത്തിലെ ജീവനക്കാരനാണെന്നാണ് പ്രാഥമിക നിഗമനം.
സ്ഥാപനത്തില്‍ ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന സെക്കന്താരാബാദ് സ്വദേശി ചണ്ഡിരുദ്ര എന്നയാളാണ് കൊലപാതകം നടത്തയതെന്നാണ് സംശയിക്കുന്നത്. ഇയാള്‍ ഒളിവിലാണ്. മദ്യപിച്ചശേഷമുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വിജയ് ശ്രീധരനെ ചണ്ഡിരുദ്ര കുത്തുകയായിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്.
ഇടച്ചിറയിലുള്ള ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാര്‍ താമസിക്കുന്ന വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു മാസം മുന്‍പാണ് ജീവക്കാരായ നാല് പേര്‍ ഇവിടെ താമസം തുടങ്ങിയത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പ്രതിക്കായി റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് തെരച്ചില്‍ ശക്തമാക്കി.