വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 35 ലക്ഷത്തിന്റെ സ്വർണം മുഖംമൂടി ധരിച്ചെത്തിയ ആറം​ഗ സംഘം കൊള്ളയടിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th January 2020 11:43 AM  |  

Last Updated: 25th January 2020 11:43 AM  |   A+A-   |  

gold

 

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ 35 ലക്ഷത്തിന്റെ സ്വര്‍ണം മുഖംമൂടി ധാരികള്‍ കൊള്ളയടിച്ചു. ഇന്നോവ കാറിലെത്തിയ മുഖംമൂടി ധാരികളായ ആറ് പേരാണ് 900 ഗ്രാം സ്വര്‍ണം തട്ടിയെടുത്തത്. കൊണ്ടോട്ടി മുസ്ല്യാര്‍ അങ്ങാടിയില്‍ ഇന്ന് രാവിലെയാണ് സംഭവം. കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്ന സംഘത്തെ മറ്റൊരു കൊള്ള സംഘം ആക്രമിക്കുകയായിരുന്നു. 

ഇന്ന് പുലര്‍ച്ചെ 3.20നുള്ള വിമാനത്തിലാണ് സ്വര്‍ണവുമായി കോഴിക്കോട് അത്തോളി സ്വദേശി ഫസലു എന്നയാള്‍ എത്തിയത്‌. വിമാനത്താളത്തിന് പുറത്തെത്തിയ ഉടന്‍ സ്വര്‍ണം പെരിന്തല്‍മണ്ണ സ്വദേശികളായ ഫൈസല്‍, മുഹമ്മദ് എന്നിവര്‍ക്ക് കൈമാറി. 

തുടര്‍ന്ന് ഇവര്‍ മറ്റൊരു കാറില്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുകയായിരുന്നു. മുസ്ല്യാര്‍ അങ്ങാടിയില്‍ എത്തിയപ്പോള്‍ ഇന്നോവ കാറിലെത്തിയ സംഘം ഇവരെ ആക്രമിച്ചു. കാറിന് വിലങ്ങനെ ഇന്നോവയിട്ട മുഖം മൂടി സംഘം കാറിന്റെ ചില്ല് അടിച്ച് പൊടിച്ചു. യാത്രക്കാരെ കാറില്‍ നിന്ന് വലിച്ചിറക്കി കാറുമായി കടന്നു കളഞ്ഞു.

ഒരു കിലോമീറ്റര്‍ അകലെ കാറ് ഉപേക്ഷിച്ചുവെങ്കിലും 35 ലക്ഷത്തിന്റെ സ്വര്‍ണം നഷ്ടമായി. തുടര്‍ന്ന് ഇവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. പൊ‌‌‌‌‌‌‌ലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സമീപത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ്‌ പൊലീസ്.