'ഹിന്ദു പൊലീസ്' വിവാദം: കത്ത് പിന്‍വലിച്ചു; വിശദീകരണം തേടി ദേവസ്വം ബോര്‍ഡ്

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 25th January 2020 07:16 PM  |  

Last Updated: 25th January 2020 07:16 PM  |   A+A-   |  

 

കൊച്ചി: ക്ഷേത്രത്തിലെ ഉത്സവ ഡ്യൂട്ടിക്ക് ഹിന്ദു മതത്തില്‍ നിന്നുള്ള പൊലീസുകാര്‍ വേണമെന്ന ആവശ്യം തിരുത്തി കൊച്ചി ദേവസ്വം ബോര്‍ഡ്. വൈറ്റില ശിവസുബ്രഹ്മണ്യ സ്വാമി ഉത്സവത്തിന് ഹിന്ദു പൊലീസുകാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ കത്തിലാണ് ഈ ആവശ്യം പറഞ്ഞിരുന്നത്. സംഭവം വിവാദമായതോടെ ആവശ്യം പിന്‍വലിച്ചു. അതേസമയം, സംഭവത്തില്‍ ദേവസ്വം അസി. കമ്മീഷണറോട് കൊച്ചി ദേവസ്വം ബോര്‍ഡ് വിശദീകരണം തേടി. 

വൈറ്റില ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയത്തോടനുബന്ധിച്ചാണ് ദേവസ്വം അസി. കമ്മീഷണറുടെ വിചിത്ര ആവശ്യം. ക്രമസമാധാനത്തിനും ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനും ഹിന്ദു പൊലീസുകാരെ നിയോഗിക്കണം എന്ന് ആവശ്യപ്പെട്ടാണ് ദേവസ്വം അസി. കമ്മീഷണര്‍ കത്ത് നല്‍കിയത്. ഫെബ്രുവരി എട്ടിനാണ് തൈപ്പൂയ മഹോത്സവം. 

കത്ത് വിവാദമായതോടെ, സംസ്ഥാന പൊലീസ് അസോസിയേഷന്‍ രംഗത്തുവന്നു. ഇവര്‍ കത്തിനെതിരെ ദേവസ്വം മന്ത്രിക്കും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കി. ഇത് പൊലീസുകാര്‍ക്ക് ഇടയില്‍ ആശങ്കയും ചേരിതിരിവും ഉണ്ടാക്കുന്നതിന് കാരണമാകുമെന്നാണ് പരാതിയില്‍ പറയുന്നത്.ക്ഷേത്രത്തിന്റെ അകത്ത് നടക്കുന്ന കാര്യങ്ങളില്‍ അല്ലാതെ, പുറത്ത് ക്രമസമാധാനം, ഗതാഗത നിയന്ത്രണം എന്നി കാര്യങ്ങളില്‍ ഹിന്ദു പൊലീസുകാരെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുന്നത് പതിവില്ല.