ആഫ്രിക്കയില്‍നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്ത് നല്‍കാമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ് ; വ്യാപാരി അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th January 2020 05:16 PM  |  

Last Updated: 25th January 2020 05:16 PM  |   A+A-   |  

 

കൊല്ലം : ആഫ്രിക്കയില്‍നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്ത് നല്‍കാമെന്നു പറഞ്ഞ് കോടികള്‍ തട്ടിയ വ്യാപാരി പിടിയിലായി. കൊട്ടാരക്കര അമ്പലക്കര വാഴവിള കാഷ്യൂസ് ഉടമ അനീഷ് ബാബുവാണ് (29) അറസ്റ്റിലായത്. വിവിധ കശുവണ്ടി വ്യാപാരികളില്‍നിന്നായി 50 കോടിയോളം രൂപ ഇയാള്‍ തട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍. അഞ്ചല്‍ റോയല്‍ കാഷ്യൂ ഉടമ കുഞ്ഞുമോന്റെ പരാതിയിലാണ് അറസ്റ്റ്.

ആദിച്ചനല്ലൂര്‍ സ്വദേശി ഫെര്‍ണാണ്ടസില്‍നിന്ന് 4.48 കോടിയും ആഫ്രിക്കന്‍ സ്വദേശി മൈക്കിളില്‍നിന്ന് 76 ലക്ഷവും തട്ടിയെടുത്തെന്ന കേസ് അനീഷിനെതിരേ കൊട്ടാരക്കര സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊട്ടാരക്കര സ്വദേശിയായ മറ്റൊരു വ്യവസായിയുടെ 15 കോടി രൂപ തട്ടിയതായും പരാതിയുണ്ട്. മുന്‍പ് കൊല്ലത്തെ പ്രമുഖ കശുവണ്ടി വ്യാപാരിയുടെ അഞ്ചരക്കോടി രൂപ തട്ടിയെന്ന കേസില്‍ 40 ദിവസം ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു.

ആഫ്രിക്കയിലെ ടാന്‍സാനിയയില്‍നിന്ന് കേരളത്തിലെ വ്യാപാരികള്‍ക്ക് കശുവണ്ടി ഇറക്കുമതിചെയ്ത് നല്‍കുന്നതായിരുന്നു അനീഷിന്റെ ബിസിനസ്. അമ്പലക്കരയിലും ടാന്‍സാനിയയിലും ഇയാള്‍ക്ക് രണ്ട് കമ്പനികളുണ്ട്. വിദേശത്തും സ്വദേശത്തുമായി ഒളിവില്‍ കഴിഞ്ഞിരുന്ന അനീഷിനെ ശാസ്തമംഗലത്തെ ഫഌറ്റില്‍നിന്നാണ് പൊലീസ് പിടികൂടിയത്. ബാങ്കുകളുടെയും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുടെയും കപ്പല്‍ ഏജന്‍സികളുടെയും വ്യാജരേഖകളും തട്ടിപ്പിനായി ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.