കരളാണ് കുഞ്ഞു റബീഹ്; നൗഫലിന്റെ കരളിന്റെ 'കരള്'

എട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് പിതാവിന്റെ കരൾ മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി
കരളാണ് കുഞ്ഞു റബീഹ്; നൗഫലിന്റെ കരളിന്റെ 'കരള്'

കൊച്ചി: നൗഫലിന്റെ കരളാണ് കുഞ്ഞു റബീഹ്. കരളിന്റെ കരള് നൗഫലിന്റേത് തന്നെയാണു താനും! എട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് പിതാവിന്റെ കരൾ മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടർമാർ. പെരിന്തൽമണ്ണ തിരൂർക്കാട് സ്വ​ദേശികളായ നെച്ചിത്തടത്തിൽ നൗഫലിന്റേയും ജിഷാബിയുടേയും മകൻ റബീഹിനാണ് കരൾ മാറ്റ ശസ്ത്രക്രിയ നടത്തിയത്. 

'ബിലിയറി അട്രീസിയ' എന്ന അപൂർവ രോ​ഗമായിരുന്നു റബീഹിനെ വലച്ചത്. തൂക്കക്കുറവും പോഷണങ്ങൾ ആ​ഗിരണം ചെയ്യാൻ കഴിയാത്തതിനായുള്ള പ്രശ്നങ്ങളും വളർച്ച പ്രാപിക്കാതിരുന്ന ശ്വാസ കോശങ്ങളുമായി അടിക്കടി അണു ബാധകളോട് പൊരുതിയ കുഞ്ഞിനെ കഴിഞ്ഞ ജൂലൈയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് ആറ് കിലോ മാത്രമായിരുന്നു തൂക്കം. 

കടുത്ത മഞ്ഞപ്പിത്തമായിരുന്നു മറ്റൊരു പ്രശ്നം. ബിലിറൂബിൻ 42 മടങ്ങാണ് ഉയർന്നിരുന്നത്. ഇതിനായി നേരത്തെ ഒരു ശസ്ത്രക്രിയ ചെയ്തിരുന്നു. റബീ​ഹിനെ പരിശോധിച്ച ഡോ. അഭിഷേക് യാദവിന്റെ നേത‌ൃത്വത്തിലുള്ള ഡോക്ടർമാർ കരൾ മാറ്റി വെയ്ക്കൽ മാത്രമേ പരിഹാരമുള്ളുവെന്ന് കണ്ടെത്തി. 

പക്ഷേ ഇത്ര ചെറിയ കുഞ്ഞിന് കരൾ മാറ്റി വയ്ക്കുന്ന അത്യപൂർവമാണ്. ‌വലിയ അപകട സാധ്യതയുള്ള കാര്യവും- ഡോ. അഭിഷേക് പറഞ്ഞു. 

ഇത്ര ചെറിയ കരൾ ഭാ​ഗം കണ്ടുപിടിക്കലും 14 മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് ശേഷം വെന്റിലേറ്റർ മാറ്റുന്നതുമായിരുന്നു ശസ്ത്രക്രിയയിലെ പ്രധാന വെല്ലുവിളികൾ. കുഞ്ഞിന്റ പിതാവിന്റെ കരളിന്റെ ഒരു ഭാ​ഗമാണ് വച്ചുപിടിപ്പിച്ചത്. തനിച്ച് ശ്വാസിക്കാൻ കുഞ്ഞിന് കൂടുതൽ സമയം വേണമായിരുന്നു. വളർച്ചയെത്താത്ത ശ്വാസകോശങ്ങളാണ് ഈ അപകട സാധ്യത കൂട്ടിയത്. കരൾ മാറ്റത്തിന് പിന്നാലെ കുഞ്ഞിന്റെ ശ്വാസ നാളത്തിലേക്ക് ഒരു കൃത്രിമ വഴിയുണ്ടാക്കുന്ന ട്രാക്കിയോസ്റ്റോമി എന്ന മാർ​ഗം അവലംബിച്ചു. 

സ്വന്തമായി ശ്വസിക്കാറാവും വരെ ശസ്ത്രക്രിയക്ക് ശേഷം 89 ദിവസമാണ് കുഞ്ഞ് വെന്റിലേറ്ററിൽ കിടന്നത്. വെന്റിലേറ്ററിൽ ഐസിയുവിൽ കിടക്കുമ്പോഴായിരുന്ന ഒന്നാം ജന്മദിനം ആഘോഷിച്ചത്- ഡോക്ടർ അഭിഷേക് കൂട്ടിച്ചേർത്തു.  

വിപിഎസ് ലേക്ഷോർ ആശുപത്രി കോംപ്രിഹെൻസീവ് ലിവർ കെയർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. അഭിഷേക് യാ​ദവിന് പുറമെ ഡോ. മോഹൻ മാത്യു, ഡോ. മായ പീതാംബരൻ, ഡോ. നിത, ഡോ. സതീഷ് കുമാർ എന്നിവരും ചികിത്സയിൽ പങ്കെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com