കളിയിക്കാവിള കൊലപാതകം; പ്രതികളുടെ ബാഗിൽ ഐഎസ് ബന്ധം വ്യക്തമാക്കുന്ന കുറിപ്പ്

കളിയിക്കാവിള ചെക്ക് പോസ്റ്റിൽ എസ്എസ്ഐയെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതികളുടെ ബാഗിൽ നിന്നു ലഭിച്ചത് ഐഎസ് ബന്ധം വ്യക്തമാക്കുന്ന കുറിപ്പെന്ന് സൂചന
കളിയിക്കാവിള കൊലപാതകം; പ്രതികളുടെ ബാഗിൽ ഐഎസ് ബന്ധം വ്യക്തമാക്കുന്ന കുറിപ്പ്

തിരുവനന്തപുരം: കളിയിക്കാവിള ചെക്ക് പോസ്റ്റിൽ എസ്എസ്ഐയെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതികളുടെ ബാഗിൽ നിന്നു ലഭിച്ചത് ഐഎസ് ബന്ധം വ്യക്തമാക്കുന്ന കുറിപ്പെന്ന് സൂചന. പ്രതികൾ സൂക്ഷിക്കാനേൽപിച്ച ബാഗ് കസ്റ്റഡിയിൽ കഴിയുന്ന പത്താംകല്ല് സ്വദേശി ജാഫറിന്റെ വീട്ടിൽ നിന്നു കണ്ടെത്തി. 

‍മതത്തിനായി ഇന്ത്യയിൽ പോരാട്ടം നടത്തും, തലൈവർ കാജാ ഭായ് എന്നതടക്കം മുന്ന് വരികളാണ്  കുറിപ്പിലുള്ളത്. ബംഗളൂരുവിൽ പിടിയിലായ കാജാ മൊയ്തിനാണ് കുറിപ്പിൽ പറയുന്ന കാജാ ഭായ് എന്ന നിഗമനത്തിലാണ് പെ‍ാലീസ്. 

തമിഴ്നാട് നാഷണൽ ലീഗ് എന്ന സംഘടനയുടെ ഐഎസ് ബന്ധം വെളിവാക്കുന്നതാണിതെന്നു പൊലീസ് ചൂണ്ടിക്കാട്ടുന്നു. സാമുദായിക കലാപങ്ങളടക്കം സൃഷ്ടിക്കാൻ മത തീവ്രവാദം പ്രചരിപ്പിക്കുന്ന പ്രാദേശിക സംഘടനകളെ ഐഎസ് അക്രമങ്ങൾക്ക് ഉപയോഗിക്കുന്നെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിനെ സാധൂകരിക്കുന്നതാണ് പുതിയ വിവരങ്ങൾ. കാര്യമായ ക്രിമിനൽ പശ്ചാത്തലമില്ലാത്തവരെ ഇത്തരം സംഘടനകൾ ഉപയോഗിക്കുന്നതിനാൽ അക്രമങ്ങൾ മുൻകൂട്ടി മനസിലാക്കാൻ സേനകൾക്ക് കഴിയാറില്ല.

എസ്എസ്ഐ കെ‍ാലകേസിൽ ക്യു ബ്രാ‍ഞ്ച് തിരയുന്ന തെറ്റിയോട് പുന്നയ്ക്കാട്ടുവിള സ്വദേശി കംപ്യൂട്ടർ എൻജിനീയറായ സെയ്തലിക്ക് വിദേശ തീവ്രവാദ സംഘവുമായി ബന്ധമുണ്ടെന്നാണ് പെ‍ാലീസിന് ലഭിച്ച വിവരം. അടുത്തിടെ ക്യു ബ്രാഞ്ച് പെ‍ാലീസ് വീട്ടിലെത്തി ചോദ്യം ചെയ്തതിന്റെ അടുത്ത ദിവസമായിരുന്നു കെ‍ാലപാതകം. 

അതിനിടെ എസ്എസ്ഐയെ വെടിവച്ച് കൊന്ന കേസിലെ പ്രതികളായ തൗഫീക്കിനെയും അബ്ദുൽ ഷമീമിനേയും തെളിവെടുപ്പിനായി കനത്ത പൊലീസ് ബന്തവസിൽ ഇന്നലെ നെയ്യാറ്റിൻകരയിൽ കൊണ്ടു വന്നു. ബാഗ് കണ്ടെടുക്കാനാണ് ക്യു ബ്രാഞ്ച് പൊലീസ് എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com