'നിയമസഭയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നു'; ഗവര്‍ണറെ തിരികെ വിളിക്കണമെന്ന പ്രമേയവുമായി പ്രതിപക്ഷം ; സ്പീക്കര്‍ക്ക് നോട്ടീസ്

ഗവര്‍ണര്‍ നിയമസഭയുടെ അന്തസ്സിനെയും അധികാരത്തെയും ചോദ്യം ചെയ്യുകയാണ്
'നിയമസഭയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നു'; ഗവര്‍ണറെ തിരികെ വിളിക്കണമെന്ന പ്രമേയവുമായി പ്രതിപക്ഷം ; സ്പീക്കര്‍ക്ക് നോട്ടീസ്

തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിപക്ഷം. കേരള നിയമസഭയെ അവഹേളിച്ച ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. സഭാചട്ടം 130 പ്രകാരം ഗവര്‍ണറെ കേന്ദ്രം തിരികെ വിളിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തിനായി പ്രതിപക്ഷം സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.

പൗരത്വ നിയമവുമായി ബന്ധപ്പെട്ട് നിയമസഭ പാസാക്കിയ പ്രമേയത്തിന് എതിരെ പരസ്യ നിലപാടു സ്വീകരിക്കുന്ന ഗവര്‍ണറുടെ നടപടികളില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷ നീക്കം. ഗവര്‍ണര്‍ നിയമസഭയുടെ അന്തസ്സ് ചോദ്യം ചെയ്യുകയാണ്. പ്രമേയത്തെ ഗവര്‍ണര്‍ തള്ളിപ്പറഞ്ഞതു സഭയുടെ അന്തസ്സിനു കളങ്കമാണ്. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിന്‍മേല്‍ ഗവര്‍ണര്‍ വിശദീകരണം തേടിയതു കടന്ന കയ്യാണ്. അതിനുള്ള അധികാരം ഗവര്‍ണര്‍ക്കുണ്ടോയെന്നു സംശയമുണ്ട്.

ഗവര്‍ണര്‍ നിയമസഭയുടെ അന്തസ്സിനെയും അധികാരത്തെയും ചോദ്യം ചെയ്യുകയാണ്. എന്നിട്ടും, മുഖ്യമന്ത്രി എന്തുകൊണ്ടാണ് നിശബ്ദത പാലിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. 1989ല്‍ അന്നത്തെ സ്പീക്കറായിരുന്ന വര്‍ക്കല രാധാകൃഷ്ണന്റെ റൂളിങ് പ്രകാരം ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് അഭ്യര്‍ഥിക്കാനുള്ള അവകാശം നിയമസഭയ്ക്കുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

സ്പീക്കറുടെ അനുമതിയോടെ വോട്ടെടുപ്പില്ലാതെ ഏകകണ്ഠമായാണ് പ്രമേയം സഭ പാസാക്കിയത്. നിയമസഭയുടെ ഭാഗമാണ് ഗവര്‍ണര്‍. എന്നാല്‍ പ്രമേയത്തെ തള്ളിപ്പറയുകയും നിയമസഭ കൂടിയതിനെ അവഹേളിക്കുകയും ചെയ്ത ഗവര്‍ണര്‍ സഭയുടെ അന്തസ്സിനെയും മഹത്വത്തെയും ഗുരുതരമായി ബാധിച്ച പ്രശ്‌നമാണെന്നും ചെന്നിത്തല പറഞ്ഞു.

മുമ്പും ഇത്തരം പ്രമേയങ്ങള്‍ നിയമസഭ പാസാക്കിയിട്ടുണ്ട്. പ്രമേയത്തിനെതിരെ ഗവര്‍ണര്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ സ്പീക്കറെ രേഖാമൂലം അറിയിക്കുകയാണ് വേണ്ടത്. അല്ലാതെ പരസ്യമായി നിയമസഭാ നടപടിയെ അവഹേളിക്കുന്നത് ന്യായീകരിക്കാനാവില്ല. സംസ്ഥാനത്ത് ഒരുകാലത്തും ഗവര്‍ണര്‍ സര്‍ക്കാറുമായോ പ്രതിപക്ഷമായോ ഇത്തരത്തില്‍ ഏറ്റുമുട്ടിയിട്ടില്ല. ജനാധിപത്യ സംവിധാനത്തിന് ഇത് ഭൂഷണമല്ല. അതുകൊണ്ടാണ് രാഷ്ട്രപതിയോട് ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം മുന്നോട്ടുവന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com