പട്ടയവ്യവസ്ഥ ലംഘിച്ചു ; പള്ളിവാസലില്‍ പ്ലം ജൂഡി അടക്കം മൂന്നു റിസോര്‍ട്ടുകളുടെ പട്ടയം റദ്ദാക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th January 2020 02:36 PM  |  

Last Updated: 25th January 2020 02:36 PM  |   A+A-   |  

 

ഇടുക്കി : ഇടുക്കി പള്ളിവാസല്‍ പഞ്ചായത്തിലെ മൂന്നു റിസോര്‍ട്ടുകളുടെ പട്ടയം റദ്ദാക്കി. പാട്ട വ്യവസ്ഥ ലംഘിച്ചതിനാണ് നടപടി. ഇടുക്കി ജില്ലാ കളക്ടറുടേതാണ് നടപടി. ആംബര്‍ ഡെയ്ല്‍, നിര്‍മ്മാണത്തിലിരിക്കുന്ന മറ്റ് രണ്ട് റിസോര്‍ട്ടുകള്‍ എന്നിവയുടെ പട്ടയമാണ് റദ്ദാക്കിയത്.

വിവാദമായ പ്ലം ജൂഡി റിസോര്‍ട്ടാണ് അംബര്‍ ഡെയ്ല്‍ എന്ന പുതിയ പേരിലുള്ളത്. പട്ടയവ്യവസ്ഥ ലംഘിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പള്ളിവാസല്‍ പ്രദേശത്തെ താഴ്‌വരയില്‍  ഏറ്റവും അപകടകരമായ പ്രദേശത്ത് നില്‍ക്കുന്ന റിസോര്‍ട്ടാണ് പ്ലംജൂഡി റിസോര്‍ട്ട്.

ഇതിന് തൊട്ടുതാഴെയുള്ള നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഏഴു നിലകളുള്ളതും, 10 നിലകളുള്ളതുമായ റിസോര്‍ട്ടുകളുടെയും പട്ടയമാണ് കളക്ടര്‍ റദ്ദാക്കിയത്. പ്ലം ജൂഡിക്കെതിരെ നേരത്തെയും നിയമലംഘന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പട്ടയവ്യവസ്ഥയ്ക്ക് വിരുദ്ധമായി ഭൂമിയില്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഭൂമി ഏറ്റെടുക്കുന്നത് അടക്കമുള്ള നടപടികള്‍ക്കായി ദേവികുളം സബ് കളക്ടറെ ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി.