പോക്‌സോ കേസുകള്‍ ഉള്‍പ്പെടെ 20 ക്രിമിനല്‍ കേസുകളില്‍ പ്രതി ; ജെയ്‌മോന്‍ സംസ്ഥാനാന്തര സെക്‌സ് റാക്കറ്റിലെ കണ്ണിയെന്ന് പൊലീസ്

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിന് ഒത്താശചെയ്ത  സംഭവത്തില്‍ ജെയ്‌മോനെതിരെ പോക്‌സോ കേസുണ്ടെന്നും പൊലീസ്
ജെയ്‌മോന്‍, ഉമ്മുല്‍ ഷാഹിറ
ജെയ്‌മോന്‍, ഉമ്മുല്‍ ഷാഹിറ

മലപ്പുറം : മലപ്പുറം കാളികാവില്‍ മൂച്ചിക്കല്‍ സ്വദേശി മരുതത്ത് മുഹമ്മദാലിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ജെയ്‌മോന്‍ സംസ്ഥാനാന്തര സെക്‌സ് റാക്കറ്റിലെ കണ്ണിയാണെന്ന് പൊലീസ് വെളിപ്പെടുത്തി. പോക്‌സോ കേസുകള്‍ ഉള്‍പ്പെടെ 20 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ജെയ്‌മോന്‍. കേസുകളില്‍പെട്ടാല്‍ ഇതര സംസ്ഥാനങ്ങളിലേക്കു മുങ്ങുന്നതാണ് ഇയാളുടെ രീതിയെന്നും ചോദ്യം ചെയ്യലില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞവര്‍ഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിന് ഒത്താശചെയ്ത  സംഭവത്തില്‍ കൊല്ലം തെന്മല സ്‌റ്റേഷനില്‍ ജെയ്‌മോനെതിരെ പോക്‌സോ കേസുണ്ടെന്നും പൊലീസ് അറിയിച്ചു. ജെയ്‌മോനെയും കൊല്ലപ്പെട്ട മുഹമ്മദാലിയുടെ ഭാര്യ ഉമ്മുല്‍ ഷാഹിറയെയും ഇന്നലെ കാളികാവിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പൊലീസ് തെളിവെടുപ്പു നടത്തി. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ഉമ്മുല്‍ ഷാഹിറയെ കഴിഞ്ഞദിവസമാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയത്.

2018 സെപ്റ്റംബര്‍ 21നാണ് മുഹമ്മദാലി കൊല്ലപ്പെട്ടത്. മുഹമ്മദാലിയുടെ ഭാര്യ ഉമ്മുല്‍ ഷാഹിറയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. അയല്‍വാസിയായ ജെയ്‌മോന്റെ സഹായത്തോടെ മദ്യത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയാണ് മുഹമ്മദാലിയെ കൊലപ്പെടുത്തിയത്. ഉറക്കത്തില്‍ ഹൃദയാഘാതം വന്ന് മരിച്ചു എന്നാണ് ഷാഹിറ ബന്ധുക്കളോട് പറഞ്ഞത്. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് വിഷം ഉള്ളില്‍ച്ചെന്നാണ് മരണമെന്ന് തെളിഞ്ഞത്. മുഹമ്മദാലിയുടെ മരണത്തിന് പിന്നാലെ തമിഴ്‌നാട്ടിലേക്കു മുങ്ങിയ ജെയ്‌മോനെയും ഷാഹിറയെയും കഴിഞ്ഞയാഴ്ച  മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് പിടികൂടുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com