പ്രളയം: കേന്ദ്രത്തിന്റെ വാദം തെറ്റ്; കേരളം ചെലവഴിച്ചത് 2344 കോടി രൂപ

പ്രളയം: കേന്ദ്രത്തിന്റെ വാദം തെറ്റ്; കേരളം ചെലവഴിച്ചത് 2344 കോടി രൂപ

2018ൽ സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തെ തുടർന്ന് കേന്ദ്ര സർക്കാർ നൽകിയ 3004.85 കോടിയിൽ 2344.80 കോടി രൂപ ചെലവഴിച്ചതായി റവന്യൂ വകുപ്പ്

തിരുവനന്തപുരം: 2018ൽ സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തെ തുടർന്ന് കേന്ദ്ര സർക്കാർ നൽകിയ 3004.85 കോടിയിൽ 2344.80 കോടി രൂപ ചെലവഴിച്ചതായി റവന്യൂ വകുപ്പ്. ഇതുസംബന്ധിച്ച ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് ജനുവരി 14ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി വി വേണു സമർപ്പിച്ചു. അനുവദിച്ച സഹായ ധനത്തിൽ പകുതിയോളം തുക ചെലവഴിച്ചില്ലെന്ന കേന്ദ്രത്തിന്റെ വാദമാണ് ഇതോടെ ഇല്ലാതായത്.

പ്രളയ സമയത്ത് അടിയന്തരമായി 100 കോടി രൂപ ലഭിച്ചിരുന്നു. പിന്നീട് അധിക സഹായമായി 2904.85 കോടി കൂടി കിട്ടി. 5616 കോടി രൂപയുടെ സഹായമാണ് കേന്ദ്ര സർക്കാരിനോടു ചോദിച്ചത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 1141.81 കോടി ഇനി കൊടുത്തു തീർക്കണം. ജലസേചന സംവിധാനങ്ങളുടെ പുനർനിർമാണത്തിന് 536.7 കോടി, വീടുകളുടെ നഷ്ടയിനത്തിൽ കൊടുത്തു തീർക്കേണ്ടത് 200 കോടി, പ്രളയ സമയത്ത് കേരളത്തിനു നൽകിയ അരിയുടെ വിലയായി 204 കോടി, റോഡുകൾ പുനർനിർമിക്കാൻ നൽകിയ ഇനത്തിൽ 201.11 കോടി രൂപ എന്നിങ്ങനെയാണ് ബാധ്യത.

പ്രളയ ദുരിതാശ്വാസമായി 2019 മാർച്ച് 31 വരെ 1317.64 കോടിയാണു ചെലവഴിച്ചത്. ഇക്കഴിഞ്ഞ ജനുവരി ഒൻപതു വരെ 1027.16 കോടിയും ചെലവിട്ടു. രണ്ട് സാമ്പത്തിക വർഷത്തെ ചെലവും കണക്കാക്കുമ്പോൾ 2344.80 കോടി രൂപയാണ്‌ ചെലവായത്. രണ്ടാമത്തെ പ്രളയ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ 2109 കോടി രൂപയുടെ അധിക സഹായം അഭ്യർഥിച്ച് കേന്ദ്രത്തിന് വീണ്ടും സംസ്ഥാനം മെമ്മോറാണ്ടം നൽകിയെങ്കിലും ഒന്നും കിട്ടിയില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com