മന്ത്രവാദത്തിലൂടെ ലക്ഷങ്ങള്‍ സമ്പാദിച്ചു; രൂപശ്രീക്ക് 'കൈയയച്ച്' പണം നല്‍കി ; കൊലയിലേക്ക് നയിച്ചത് 'സൗഹൃദ'ത്തിലെ തകര്‍ച്ച ?

ചിത്രകലാ അധ്യാപകനായ വെങ്കിട്ടരമണയാണ് മോഡലിങ്ങില്‍ രൂപശ്രീയെ സഹായിച്ചത്
മന്ത്രവാദത്തിലൂടെ ലക്ഷങ്ങള്‍ സമ്പാദിച്ചു; രൂപശ്രീക്ക് 'കൈയയച്ച്' പണം നല്‍കി ; കൊലയിലേക്ക് നയിച്ചത് 'സൗഹൃദ'ത്തിലെ തകര്‍ച്ച ?


കാസര്‍കോട് : കാസര്‍കോട് മഞ്ചേശ്വരം മിയാപദവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക രൂപശ്രീയുടെ കൊലപാതകത്തിന് പിന്നില്‍ ഏഴ് വര്‍ഷം നീണ്ട പ്രണയം പൊളിഞ്ഞതിന്റെ പകയാണെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി. രൂപശ്രീയുടെ കൊലപാതകത്തില്‍ സ്‌കൂളിലെ സഹ അധ്യാപകനായ വെങ്കിട്ടരമണ കാരന്തരയും സഹായി നിരഞ്ജനും പൊലീസ് പിടിയിലായിരുന്നു. വീട്ടില്‍ വെച്ച് പാത്രത്തിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയശേഷം ഇരുവരും ചേര്‍ന്ന് രൂപശ്രീയുടെ മൃതദേഹം കടലില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്.

2003 ലാണ് വെങ്കിട്ടരമണ മിയാപദവ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകനാകുന്നത്. 2014 ലാണ് രൂപശ്രീ ഈ സ്‌കൂളില്‍ ചരിത്ര അധ്യാപികയായി എത്തുന്നത്. സ്‌കൂളിലെ പ്രദര്‍ശനങ്ങളില്‍ രൂപശ്രീക്ക് മോഡലിങ്ങിന് രൂപശ്രീക്ക് സമ്മാനം ലഭിച്ചിരുന്നു. ചിത്രകലാ അധ്യാപകനായ വെങ്കിട്ടരമണയാണ് മോഡലിങ്ങില്‍ രൂപശ്രീയെ സഹായിച്ചത്. ഇത് അടുപ്പവും പിന്നീട് പ്രണയവുമായി മാറുകയായിരുന്നു.

പൂജയും മന്ത്രവാദവും നടത്തിയിരുന്ന വെങ്കിട്ടരമണയ്ക്ക് ധാരാളം പണം ലഭിച്ചിരുന്നു. അതിനാല്‍ വെങ്കിട്ടരമണ രൂപശ്രീയെ സാമ്പത്തികമായി നല്ലരീതിയില്‍ സഹായിക്കുകയും ചെയ്തിരുന്നു. ഒരു തവണ മൂന്ന് ലക്ഷം രൂപയും പിന്നീട് പലതവണയായി ലക്ഷക്കണത്തിന് രൂപയും രൂപശ്രീക്ക് നല്‍കിയിട്ടുണ്ട്. ഇതിനിടെ രൂപശ്രീക്ക് മറ്റൊരു ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനുമായി ബന്ധമുണ്ടെന്ന് വെങ്കിട്ടരമണ അറിഞ്ഞു.

ഈ ബന്ധം ഒഴിവാക്കാന്‍ വെങ്കിട്ടരമണ രൂപശ്രീക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി. പല തവണ ആവശ്യപ്പെട്ടിട്ടും ആ അധ്യാപകനുമായുള്ള ബന്ധം ഒഴിവാക്കാന്‍ രൂപശ്രീ തയ്യാറായില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ അകലാനും തുടങ്ങി. ഒരുതവണ വെങ്കിട്ടരമണ വാശിപിടിച്ചപ്പോള്‍, എന്നാല്‍ നിങ്ങള്‍ എന്നെ കല്യാണം കഴിക്കൂ എന്നായിരുന്നു രൂപശ്രീ ആവശ്യപ്പെട്ടത്. എനിക്ക് കുടുംബമുള്ളതല്ലേ, കല്യാണം കഴിക്കാന്‍ നിര്‍വാഹമില്ലെന്നായിരുന്നു വെങ്കിട്ടരമണ മറുപടി നല്‍കിയത്.

ജനുവരി 16 ന് രാവിലെ സ്‌കൂളിലേക്ക് പോയ രൂപശ്രീയെ ഉച്ചയോടെയാണ് കാണാതാകുന്നത്. പിന്നീട് ജനുവരി 19 നാണ് കുമ്പള കടപ്പുറത്തുനിന്ന് രൂപശ്രീയുടെ മൃതദേഹം കണ്ടെത്തുന്നത്. രൂപശ്രീയെ വെങ്കിട്ടരമണ, സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി 250 ലിറ്റര്‍ ഡ്രമ്മിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് തെളിഞ്ഞത്. പിന്നീട് സഹായി നിരഞ്ജന്റെ സഹായത്തോടെ കടലില്‍ കൊണ്ടുപോയി തള്ളുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com