സ്‌കൂളുകളില്‍ ഒരു മതത്തിനും അമിത പ്രാധാന്യം വേണ്ട; മതനിരപേക്ഷത ഭരണഘടനാ തത്വങ്ങളില്‍ പ്രധാനമെന്ന് ഹൈക്കോടതി

സ്‌കൂളുകളില്‍ ഒരു മതത്തിനും അമിത പ്രാധാന്യം വേണ്ട; മതനിരപേക്ഷത ഭരണഘടനാ തത്വങ്ങളില്‍ പ്രധാനമെന്ന് ഹൈക്കോടതി
സ്‌കൂളുകളില്‍ ഒരു മതത്തിനും അമിത പ്രാധാന്യം വേണ്ട; മതനിരപേക്ഷത ഭരണഘടനാ തത്വങ്ങളില്‍ പ്രധാനമെന്ന് ഹൈക്കോടതി

കൊച്ചി: ന്യൂനപക്ഷ സ്ഥാപന അവകാശത്തിന്റെ പേരില്‍ വിദ്യാഭ്യാസത്തിന്റെ മതനിരപേക്ഷ സ്വഭാവത്തില്‍ വെള്ളം ചേര്‍ക്കാനാവില്ലെന്ന്, സ്‌കൂളുകളില്‍ മതപഠനം നിയന്ത്രിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി. മതനിരപേക്ഷത ഭരണഘടനാ തത്വങ്ങളില്‍ ഏറെ പ്രധാനമാണ്. സര്‍ക്കാരിനോ അധികാരികള്‍ക്കോ പൊതുകര്‍ത്തവ്യം നിര്‍വഹിക്കുന്ന സ്വകാര്യസ്ഥാപനങ്ങള്‍ക്കോ ഒരു മതത്തിനു മറ്റു മതങ്ങളെ അപേക്ഷിച്ച് അമിതപ്രാധാന്യം നല്‍കാനാവില്ല. അങ്ങനെ ചെയ്താല്‍ ഭരണഘടനാ തത്വങ്ങളുടെയും ധാര്‍മികതയുടെയും നിഷേധമാകുമെന്ന് ഉത്തരവില്‍ കോടതി വിശദീകരിച്ചു.

അംഗീകൃത സ്വകാര്യ സ്‌കൂളുകള്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ മതപഠനം നടത്തരുതെന്നു പൊതുവിദ്യാഭ്യാസ സെക്രട്ടറി നിര്‍ദേശം പുറപ്പെടുവിക്കണമെന്നാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് വിധിന്യായത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. മുസ്‌ലിംകളെ മാത്രം പ്രവേശിപ്പിച്ച് ഇസ്‌ലാം മതപഠനം നടത്തുന്നതിന്റെ പേരില്‍ സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ ഉത്തരവിറക്കിയതിനെതിരെ തിരുവനന്തപുരം മണക്കാട് ഹിദായ എജ്യുക്കേഷനല്‍ ട്രസ്റ്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അംഗീകാരം വേണ്ട സ്‌കൂളുകളില്‍ മറ്റു മതങ്ങളെ ഒഴിവാക്കി ഒരു മതത്തിന്റെ മാത്രമായി മതപഠനം നടത്താനാവില്ല. സര്‍ക്കാരിന്റെ അംഗീകാരം വേണ്ട സ്വകാര്യ സ്‌കൂളുകള്‍ വിവിധ മതങ്ങളുടെ പഠനക്ലാസ് ആയാലും സര്‍ക്കാരിന്റെ അനുമതിയോടെ മാത്രം നടത്തണമെന്നു കോടതി നിര്‍ദേശിച്ചു. 

വിദ്യാഭ്യാസം ഏതുതരത്തിലാകണമെന്നു തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മാതാപിതാക്കള്‍ക്കുണ്ടെങ്കിലും പാഠ്യപദ്ധതി നിയന്ത്രിക്കാനുള്ള അധികാരം സര്‍ക്കാരിനാണ്. സ്വകാര്യസ്ഥാപനമായാലും പൊതുകര്‍ത്തവ്യം നിര്‍വഹിക്കുമ്പോള്‍ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം. സ്വന്തം വിശ്വാസം പിന്‍തുടരാനുള്ള വ്യക്തിഗത സ്വാതന്ത്ര്യം പൊതു കര്‍ത്തവ്യം നിറവേറ്റുമ്പോള്‍ ലഭ്യമല്ല. അതേസമയം, മതത്തില്‍ അധിഷ്ഠിതമായ മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുന്നതിനെ തള്ളിപ്പറയുന്നില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com