ആദ്യ കണ്ണി എസ്ആർപി, ബേബി അവസാന കണ്ണി; 70 ലക്ഷം പേർ ഒരേസമയം ഭരണഘടനയുടെ ആമുഖം വായിക്കും; ചരിത്രമാകാൻ മഹാശൃംഖല
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th January 2020 07:45 AM |
Last Updated: 26th January 2020 07:45 AM | A+A A- |

തിരുവനന്തപുരം: ഭരണഘടന സംരക്ഷിക്കുക, പൗരത്വഭേദഗതി നിയമം പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി എൽഡിഎഫ് ഇന്ന് കാസർകോട് മുതൽ കളിയിക്കാവിള വരെ മനുഷ്യശൃംഖല തീർക്കും. 70 ലക്ഷത്തോളം പേർ ഭരണഘടനയുടെ ആമുഖം ഒരേസമയം വായിക്കും.
ശൃംഖലയുടെ ആദ്യകണ്ണി കാസർകോട് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ളയും അവസാനകണ്ണി കളിയിക്കാവിളയിൽ എം എ ബേബിയുമാണ്.രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ പിണറായി വിജയനും കാനം രാജേന്ദ്രനും ശൃംഖലയിൽ കണ്ണിചേരും.കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ചങ്ങലയിൽ കണ്ണികളാകണമെന്നാണ് സിപിഎം ആഹ്വാനം.
കേന്ദ്രവിരുദ്ധ സമരങ്ങളിൽ ആദ്യം മുഖ്യമന്ത്രിയുമായി കൈകോർത്ത യുഡിഎഫ് മനുഷ്യ ശൃംഖലയെ എതിർക്കുന്നു.സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്നാണ് കോണ്‍ഗ്രസ് വിമർശനം. വലിയ അളവിൽ ലീഗ് അണികളെ സിപിഎം ലക്ഷ്യമിടുമ്പോൾ ശൃംഖലയോട് പരസ്യമായ നിസഹകരണം ലീഗ് നേതൃത്വം പ്രഖ്യാപിച്ചുകഴിഞ്ഞു. കേന്ദ്രവിരുദ്ധ നിലപാടുകൾ മുഖ്യമന്ത്രി ശക്തമാക്കുമ്പോൾ ന്യൂനപക്ഷങ്ങളുടെ വലിയ പങ്കാളിത്തം സിപിഎം പ്രതീക്ഷിക്കുന്നു. ഒപ്പം ഭൂരിപക്ഷ സമുദായങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാൻ മതസംഘടനകൾ തിരിച്ചും എൽഡിഎഫ് ക്ഷണമുണ്ട്. ഭരണഘടനയുടെ ആമുഖം വായിച്ചതിന് ശേഷം നാല് മണിക്ക് എൽഡിഎഫ് ദേശീയപാതയിൽ മനുഷ്യശൃംഖല തീർക്കും. പ്രതിജ്ഞയ്‌ക്കുശേഷം ഇരുനൂറ്റമ്പതിലേറെ കേന്ദ്രങ്ങളിൽ പൊതുയോഗങ്ങൾ ചേരും.