'ചരിത്രപ്രാധാന്യമുളള സമരം': മനുഷ്യശൃംഖലയിൽ പങ്കാളിയായി ആഷിഖ് അബു

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 26th January 2020 05:27 PM  |  

Last Updated: 26th January 2020 05:27 PM  |   A+A-   |  

 

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയിൽ അണിചേര്‍ന്ന് സംവിധായകന്‍ ആഷിഖ് അബുവും. ചരിത്രപ്രാധാന്യമുള്ള സമരമാണ് എല്‍ഡിഎഫിന്‍റെ മനുഷ്യ മഹാശൃംഖലയെന്ന് ആഷിഖ് അബു പ്രതികരിച്ചു. സമരത്തിലേക്ക് എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളിക്കാന്‍ സാധിച്ചിരിക്കുന്നു. സമരത്തിന്‍റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളം ഇടപ്പള്ളിയിലാണ് ആഷിഖ് അബു  മനുഷ്യ മഹാശൃംഖലയുടെ കണ്ണിയായത്

ഭരണഘടന സംരക്ഷിക്കുക, പൗരത്വ നിയമഭേദഗതി പിന്‍വലിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ഇടതുപക്ഷത്തിന്റെ ആഭിമുഖ്യത്തില്‍ കേരളമൊട്ടാകെ മനുഷ്യ മഹാശൃഖല തീര്‍ത്തത്. കാസര്‍കോട് നിന്ന് ആരംഭിച്ച ശൃംഖല തിരുവനന്തപുരം കളിയിക്കാവിളയില്‍ അവസാനിച്ചു.
കാസര്‍കോട്  സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ശൃംഖലയിലെ ആദ്യ കണ്ണിയായപ്പോള്‍ കളിയിക്കാവിളയില്‍ എം എ ബേബി അവസാന കണ്ണിയായി. തിരുവനന്തപുരം പാളയം രക്താക്ഷി മണ്ഡപത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പുറമേ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അണിനിരന്നു.

എഴുപത് ലക്ഷം പേര്‍ ശൃംഖലയില്‍ പങ്കെടുത്തുവെന്ന് എല്‍ഡിഎഫ് അവകാശപ്പെട്ടു. മൂന്നേകാലോടെ തന്നെ ജനങ്ങള്‍ ദേശീയ പാതയുടെ ഓരങ്ങളില്‍ അണിനിരന്നു. നാല് മണിക്ക് ഭരണഘടനയുടെ ആമുഖം ഒരുമിച്ച് വായിച്ചതിന് ശേഷം, ജനങ്ങള്‍ കൈകോര്‍ത്ത് പിടിച്ച് ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചെയ്തു.  

ഇടത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പുറമേ സാംസ്‌കാരിക, സിനിമാ, സാഹിത്യ പ്രവര്‍ത്തകരും മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തു. സമസ്ത എപി, ഇകെ വിഭാഗം നേതാക്കളും മുജാഹിദ് വിഭാഗം നേതാക്കളും ശ്യംഖലയില്‍ പങ്കെടുത്തു. യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീ വര്‍ഗീസ് മാര്‍ കൂറിലോസ് ആലപ്പുഴയില്‍ പങ്കെടുത്തു.