വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച് മണല്‍ കടത്ത്; സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ടിപ്പര്‍ പിടിച്ചെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th January 2020 10:23 AM  |  

Last Updated: 26th January 2020 10:23 AM  |   A+A-   |  

 

തിരുവനന്തപുരം: തുമ്പയില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് വച്ച് മണല്‍ കടത്തിയതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ടിപ്പര്‍ പിടികൂടി. കുളത്തൂര്‍ കോലത്തുകര ബ്രാഞ്ച് സെക്രട്ടറി അനില്‍ കുമാറിന്റെ  ടിപ്പറാണ് തുമ്പ പൊലീസ് പിടികൂടിയത്. വാഹനത്തിന്റെ രേഖകളുമായി സ്‌റ്റേഷനില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യാജ നമ്പര്‍ ഉപയോഗിച്ച് നടത്തിയ തട്ടിപ്പ് പുറത്തായത്. 

കഴിഞ്ഞ വ്യാഴാഴ്ചയാണ് തുമ്പയില്‍ വച്ച് പരിശോധനയ്ക്കിടെ പാസില്ലാതെ എം.സാന്‍ഡ് കടത്തിയ വാഹനം പിടികൂടിയത്. വാഹനത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഉടമയോട് ആവശ്യപ്പെട്ടെങ്കിലും അവ ഹാജരാക്കിയിരുന്നില്ല. വാഹനത്തിന്റെ വിവരത്തിനായി മോട്ടോര്‍ വാഹന വകുപ്പിന്റെ സൈറ്റില്‍ തിരഞ്ഞപ്പോഴാണ് വ്യാജ നമ്പറുപയോഗിച്ചുള്ള മണ്ണു കടത്തിന്റെ വിവരങ്ങള്‍ പൊലീസ് തിരിച്ചറിഞ്ഞത്.


KL 22 N 5791 എന്ന നമ്പര്‍ പ്രശാന്ത് നഗര്‍ സ്വദേശി ഹരിശങ്കറിന്റെ ബൈക്കിന്റേതാണ്. ടിപ്പറിന്റെ യഥാര്‍ഥ നമ്പര്‍ KL 22 N 5602 pw. തട്ടിപ്പ് പുറത്തായതോടെ ഉടമയായ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുക്കുകയും ചെയ്തു. അതേസമയം കേസൊതുക്കി തീര്‍ക്കാന്‍ ഉന്നത നേതാക്കള്‍ ഇടപെടുന്നുണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്.