കൊച്ചിയില്‍ സിനിമ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ കുത്തിക്കൊന്നു; കൊലയാളിയായ സുഹൃത്ത് ഒളിവില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th January 2020 07:26 AM  |  

Last Updated: 26th January 2020 07:26 AM  |   A+A-   |  

 

കൊച്ചി: സെക്കന്ദരാബാദ് സ്വദേശിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ തെങ്ങോടിലെ വാടക വീട്ടില്‍ കുത്തി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന ടാറ്റൂ ആര്‍ട്ടിസ്റ്റിനെ കാണാതായി. സെക്കന്ദരാബാദ് യാപ്രാല്‍ ഐടിഐ എംപ്ലോയീസ് കോളനി സ്വദേശി വിജയ് ശ്രീധര്‍ ആണ് കൊല്ലപ്പെട്ടത്. കാണാതയ ചണ്ഡിരുദ്രനാണു കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണു പൊലീസ്.

ഇടച്ചിറയില്‍ പുതുതായി തുടങ്ങിയ ബ്യൂട്ടിപാര്‍ലറിലെ മാനേജര്‍ കം മേക്കപ് ആര്‍ട്ടിസ്റ്റായിരുന്നു വിജയ്. ഇവിടെ ജോലിക്കു ചേരാനായി രണ്ടു ദിവസം മുന്‍പ് എത്തിയതാണ് വിജയിന്റെ സുഹൃത്തു കൂടിയായ ചണ്ഡിരുദ്രന്‍. ഇന്നലെ രാവിലെയാണു കിടപ്പു മുറിയില്‍ വിജയിന്റെ മൃതദേഹം കണ്ടത്. വയറിന്റെ ഇടതു ഭാഗത്ത് ആഴത്തില്‍ കുത്തേറ്റിട്ടുണ്ട്. കുടലിന്റെ ഒരു ഭാഗം പുറത്തു വന്ന നിലയിലാണ്. 


ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാര്‍ക്കു താമസിക്കാന്‍ സ്ഥാപന ഉടമ വാടകയ്‌ക്കെടുത്ത വീട്ടില്‍ ഒരു വനിത ഉള്‍പ്പെടെ 5 പേരാണു താമസിച്ചിരുന്നത്. വനിത മുകള്‍ നിലയിലും താഴത്തെ 2 മുറികളിലായി 2 പേര്‍ വീതവുമായിരുന്നു താമസം. തലേന്നാള്‍ രാത്രി 11.30വരെ ബ്യൂട്ടിപാര്‍ലര്‍ ഉടമയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

 താന്‍ മടങ്ങും വരെ അസ്വഭാവികമായ സംസാരം ഉണ്ടായില്ലെന്ന് ഉടമ പൊലീസിനു മൊഴി നല്‍കി. രണ്ടാഴ്ച മുന്‍പു തുടങ്ങിയ ബ്യൂട്ടിപാര്‍ലറില്‍ ജോലിക്കെത്തും മുന്‍പു വിജയ് ശ്രീധര്‍ സിനിമ–ടിവി മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.  സമൂഹ മാധ്യമത്തിലെ പരസ്യം കണ്ടാണു ബ്യൂട്ടിപാര്‍ലറില്‍ മാനേജര്‍ കം മേക്കപ് ആര്‍ട്ടിസ്റ്റായി ജോലിക്കു ചേര്‍ന്നത്. വിജയ് അറിയിച്ചതനുസരിച്ചാണ് ഇതേ ബ്യൂട്ടിപാര്‍ലറില്‍ ജോലിക്കായി ടാറ്റൂ ആര്‍ട്ടിസ്റ്റായ ചണ്ഡിരുദ്രനെത്തിയത്. 

മറ്റൊരു ടാറ്റൂ ആര്‍ട്ടിസ്റ്റ് പിരിഞ്ഞു പോയപ്പോഴാണു ചണ്ഡിരുദ്രനെ പരിഗണിച്ചത്. 3 ദിവസമായി പരീക്ഷണാര്‍ഥം ഇവിടെ ജോലി ചെയ്തു വരികയായിരുന്നു ചണ്ഡിരുദ്രന്‍.