ഗവര്‍ണറുമായുള്ള ബന്ധം വഷളാക്കാന്‍ ആരെയും അനുവദിക്കില്ല:  എകെ ബാലന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th January 2020 10:22 AM  |  

Last Updated: 26th January 2020 10:24 AM  |   A+A-   |  

ak_balandfgfg

 

പാലക്കാട്: പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രമേയം പാസാക്കിയ നിയമസഭാ നടപടിയെ വിമര്‍ശിക്കുന്ന കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടിയ പ്രതിപക്ഷ നീക്കത്തില്‍ പ്രതികരണവുമായി നിയമമന്ത്രി എകെ ബാലന്‍. സര്‍ക്കാരിനെ സംരക്ഷിക്കാനുള്ള നീക്കത്തില്‍ ഞങ്ങളാണ് മുന്‍പന്തിയില്‍ എന്നൊരു ധാരണയൊന്നും ആര്‍ക്കും വേണ്ടെന്ന് എകെ ബാലന്‍ പാലക്കാട്ട് പറഞ്ഞു. സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ബന്ധം വഷളാക്കാന്‍ ആരേയും അനുവദിക്കില്ല.

ഭരണഘടനാപരമായി സ്പീക്കറും ഭരണഘടനാപരമായി സര്‍ക്കാരും ഭരണഘടനാ പരമായി തന്നെ ഗവര്‍ണറും കടമകള്‍ നിര്‍വ്വഹിക്കും. അതില്‍ ഏതെങ്കിലും ഒരു ഭാഗത്ത് വീഴ്ചയുണ്ടായെങ്കില്‍ അത് ചര്‍ച്ച ചെയ്യണം. അതിനുള്ള വേദി നിയമസഭയാകുന്നതില്‍ തെറ്റൊന്നും ഇല്ല . പക്ഷെ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന വിധത്തില്‍ പ്രതിപക്ഷം സര്‍ക്കാര്‍ ഗവര്‍ണര്‍ തര്‍ക്കത്തെ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും എകെ ബാലന്‍ പറഞ്ഞു. 

ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായി ചില അവകാശങ്ങളുണ്ട്. അത് നിഷേധിക്കുന്നില്ല. സംശയങ്ങളും വിമര്‍ശനങ്ങളും സ്വാഭാവികമാണ്. അതിന് സര്‍ക്കാര്‍ അപ്പപ്പോള്‍ മറുപടി നല്‍കുമെന്നാണ് എകെ ബാലന്റെ പ്രതികരണം.