വിളിച്ചിട്ടും എഴുന്നേല്‍ക്കാതെ അമ്മയും അച്ഛനും ചേട്ടനും; കൂട്ട ആത്മഹത്യ പുറംലോകത്തെ അറിയിച്ചത് അഞ്ചുവയസ്സുകാരി

കാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ പറ്റാതെ വന്നതോടെ ഒരു കുടുംബത്തിലെ മൂന്നു പേര്‍ ആത്മഹത്യ ചെയ്തു
വിളിച്ചിട്ടും എഴുന്നേല്‍ക്കാതെ അമ്മയും അച്ഛനും ചേട്ടനും; കൂട്ട ആത്മഹത്യ പുറംലോകത്തെ അറിയിച്ചത് അഞ്ചുവയസ്സുകാരി

അടിമാലി: സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ പറ്റാതെ വന്നതോടെ ഒരു കുടുംബത്തിലെ മൂന്നു പേര്‍ ആത്മഹത്യ ചെയ്തു. കമ്പിളിക്കണ്ടത്തിനു സമീപം തെള്ളിത്തോട് പുളിക്കപ്പടയിലാണ് സംഭവം. 

അര്‍ത്തിയില്‍ ജോസഫ് തോമസ് (ജോസ്-53), ഭാര്യ മിനി (46), മകന്‍ അബിന്‍ ജോസ് (12) എന്നിവരാണു മരിച്ചത്. കടബാധ്യതയെ തുടര്‍ന്ന് ഇവര്‍ ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പാറത്തോട് സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് അബിന്‍. ജോസഫ്-മിനി ദമ്പതികളുടെ മകള്‍ അഞ്ചു വയസ്സുകാരി മാത്രമാണു കുടുംബത്തില്‍ അവശേഷിക്കുന്നത്.  

സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ പാറത്തോട് ശാഖയില്‍ നിന്ന് മിനി ഉള്‍പ്പെടുന്ന ചൈതന്യ ഗ്രൂപ്പില്‍ നിന്നുള്ള 12 അംഗങ്ങള്‍ 40,000 രൂപയോളം വായ്പ എടുത്തിരുന്നു. മറ്റ് അംഗങ്ങളില്‍ നിന്നു തിരിച്ചടവിനായി തുക വാങ്ങിയെങ്കിലും തുക തിരിച്ചടച്ചില്ല.  

ഇതു സംബന്ധിച്ച് വെള്ളത്തൂവല്‍ പൊലീസില്‍ ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍ പരാതി നല്‍കിയിരുന്നു. മിനിയെ വെള്ളത്തൂവല്‍ പൊലീസ് സ്‌റ്റേഷനില്‍ വിളിച്ചു വരുത്തിയിരുന്നു. വീട്ടില്‍ നിന്ന് 45,000 രൂപ മോഷണം പോയതിനാലാണ് പണം അടയ്ക്കാന്‍ കഴിയാത്തതെന്നും തുക പണമിടപാട് സ്ഥാപനത്തിന്റെ ശാഖയില്‍ അടയ്ക്കാമെന്നും മിനി പൊലീസിനു ഉറപ്പു നല്‍കിയിരുന്നു. 

മറ്റു പലരില്‍ നിന്നും ജോസും മിനിയും പണം കടം വാങ്ങിയിരുന്നതായും സൂചനകള്‍ കിട്ടിയതായും പൊലീസ് പറഞ്ഞു. എന്നാല്‍ മിനിയുടെ പേരില്‍ ഒരാഴ്ചത്തെ പണം മാത്രമാണ് കുടശിക ഉള്ളതെന്ന് സ്വകാര്യ പണമിടപാട് സ്ഥാപന അധികൃതര്‍ പറഞ്ഞു. 30 സെന്റ് സ്ഥലമാണ് ജോസിനുള്ളത്. കൂലിവേല ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. മിനി വയനാട് പാലിച്ചിറ കുത്തിലാത്ത് കുടുംബാംഗമാണ്. 

ഇവരുടെ മരണം പുറംലോകത്തെ അറിയിച്ചത് അഞ്ചുവയസ്സുകാരിയായ ഇളയ മകളാണ്. 'ഇന്നലെ  രാത്രി ഞാന്‍ നേരത്തേ ഉറങ്ങി. കിടക്കാന്‍ തുടങ്ങുമ്പോള്‍ പപ്പ എന്തോ എഴുതുന്നുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ 7 മണിയോടെ ഉണര്‍ന്നു. അപ്പോള്‍ മറ്റുള്ളവര്‍ ഉറക്കത്തിലായിരുന്നു. 

പല്ലുതേച്ച് വീണ്ടും കിടപ്പു മുറിയില്‍ എത്തി അമ്മയെ വിളിച്ചെങ്കിലും വിളികേട്ടില്ല. ഇതോടെ അമ്മയുടെ അടുക്കല്‍ ചേര്‍ന്നു കിടന്ന് വീണ്ടും ഉറങ്ങി. രാവിലെ 10 ന് ഞാന്‍ ഉണര്‍ന്നു. അപ്പോഴും പപ്പയും അമ്മയും ചേട്ടായിയും എഴുന്നേറ്റില്ല. വീണ്ടു വിളിച്ചെങ്കിലും വിളി കേട്ടില്ല. ഇതോടെ അമ്മയുടെ ഫോണ്‍ എടുത്ത് വയനാട്ടിലുള്ള മുത്തശ്ശിയെ വിളിച്ച് പപ്പയും അമ്മയും ചേട്ടായിയും അനങ്ങാതെ കിടക്കുകയാണെന്നു പറഞ്ഞു.  

അടുത്തുള്ളവരെ വിളിക്കാന്‍ മുത്തശ്ശി പറഞ്ഞു. ഇതോടെ പപ്പയുടെ ഫോണ്‍ എടുത്ത് അവസാനമായി വിളിച്ച നമ്പറിലേക്ക് വിളിച്ച് ഇതേക്കുറിച്ചു  പറഞ്ഞു. ചിന്നാറില്‍ താമിസിക്കുന്ന പീതാംബരന്‍ എന്ന ആള്‍ ആയിരുന്നു അത്. ഇദ്ദേഹം ജോസിന്റെ അയല്‍പക്കത്തെ വീട്ടുകാരോട് വിവരം അറിയിച്ചു''- അഞ്ചു വയസ്സുകാരി പറഞ്ഞു. 

ഇതിനിടെ  അങ്കണവാടി അധ്യാപിക കെ.ജി. ലീലാമ്മ വിവര ശേഖരണത്തിനായി യാദൃച്ഛികമായി വീട്ടില്‍ എത്തി. തുറന്നു കിടന്നിരുന്ന മുന്‍വശത്തെ വാതിലിലൂടെ നോക്കുമ്പോള്‍ മൃതദേഹങ്ങള്‍ക്കരികില്‍ നില്‍ക്കുന്ന കുട്ടിയെ ആണ് കണ്ടത്. ഇതിനു പിന്നാലെ ആണ് മരണവിവരം പുറംലോകം അറിഞ്ഞത്.  അടുത്തടുത്ത കട്ടിലില്‍ ആണ് മൂവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീടിന്റെ നടുവിലത്തെ മുറിയില്‍  4 ഗ്ലാസുകളും കണ്ടെത്തി. ഇതില്‍ ഒരു ഗ്ലാസില്‍ വിഷം ഉണ്ടായിരുന്നു.

മൂന്നാര്‍ ഡിവൈഎസ്പി എം. രമേശ്കുമാര്‍, വെള്ളത്തൂവല്‍ സിഐ കെ.ജെ.തോമസ്, എസ്‌ഐ റോബിന്‍സണ്‍, ഇടുക്കിയില്‍ നിന്ന് സയന്റഫിക് ഉദ്യോഗസ്ഥര്‍ എന്നിവര്‍ വീട്ടിലെത്തി പരിശോധന നടത്തിയശേഷം ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com