'വിസിലടിക്കുന്നതിന് മുമ്പെ ഗോളടിക്കാന്‍ ചെന്നിത്തലയുടെ ശ്രമം', പ്രതിപക്ഷത്തിന്റെ പ്രമേയ നീക്കത്തെ തളളി എല്‍ഡിഎഫ്; കാര്യോപദേശക സമിതി വെളളിയാഴ്ച

ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രതിപക്ഷ നേതാവിന്റെ പ്രമേയ നോട്ടീസില്‍ തീരുമാനം വെളളിയാഴ്ച
'വിസിലടിക്കുന്നതിന് മുമ്പെ ഗോളടിക്കാന്‍ ചെന്നിത്തലയുടെ ശ്രമം', പ്രതിപക്ഷത്തിന്റെ പ്രമേയ നീക്കത്തെ തളളി എല്‍ഡിഎഫ്; കാര്യോപദേശക സമിതി വെളളിയാഴ്ച

തിരുവനന്തപുരം: ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രതിപക്ഷ നേതാവിന്റെ പ്രമേയ നോട്ടീസില്‍ തീരുമാനം വെളളിയാഴ്ച. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സ്പീക്കറുടെ അനുമതി തേടിയത്. വെളളിയാഴ്ച ചേരുന്ന കാര്യോപദേശക സമിതി യോഗം പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കും.

അതേസമയം ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കാന്‍ നീക്കം നടത്തുന്ന പ്രതിപക്ഷത്തെ തളളി എല്‍ഡിഎഫ് രംഗത്തുവന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായി നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ പരസ്യ നിലപാടെടുത്ത ഗവര്‍ണറെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടിയാണ് രമേശ് ചെന്നിത്തല സ്പീക്കറെ സമീപിച്ചത്.  ചട്ടം 130 അനുസരിച്ചാണ് ചെന്നിത്തല പ്രമേയം അവതരിപ്പിക്കുന്നതിന് നോട്ടീസ് നല്‍കിയത്. പിണറായി സര്‍ക്കാരിനെ കുടുക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ഇടത് മുന്നണി വിലയിരുത്തി. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. 

കേരളത്തില്‍ നിലവില്‍ ഭരണഘടനാ പ്രതിസന്ധിയൊന്നും ഇല്ല. വിസിലടിക്കുന്നതിന് മുമ്പെ ഗോളടിക്കാന്‍ ചെന്നിത്തല ശ്രമിക്കുകയാണെന്നും ഇത് പ്രോത്സാഹിപ്പിക്കാനാകില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു. പ്രതിപക്ഷത്തിന് രാഷ്ട്രീയ ദുരുദ്ദേശ്യം ഉണ്ട്. ഗവര്‍ണറും സര്‍ക്കാരും തമ്മിലുളള തര്‍ക്കം രൂക്ഷമാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ ആവശ്യപ്പെടുന്ന പ്രതിപക്ഷ നേതാവിന്റെ പ്രമേയം സംബന്ധിച്ച് ഉചിതമായ സമയത്ത് തീരുമാനം എടുക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com