കാട്ടാക്കട കൊലപാതകം : മുഖ്യപ്രതി കീഴടങ്ങി ; പിടിയിലായത് ജെസിബി ഉടമ സജു
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th January 2020 10:07 AM |
Last Updated: 27th January 2020 10:07 AM | A+A A- |

കൊല്ലപ്പെട്ട സംഗീത്
തിരുവനന്തപുരം: കാട്ടാക്കടയില്‍ സ്വന്തം പുരയിടത്തില്‍ നിന്ന് മണ്ണെടുക്കുന്നത് തടഞ്ഞ യുവാവിനെ ജെസിബി ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കീഴടങ്ങി. സംഗീത് വധക്കേസില്‍ ഒളിവിലായിരുന്ന ചാരുപാറ സ്വദേശി സജുവാണ് കീഴടങ്ങിയത്. ജെസിബിയുടെ ഉടമയാണ് ഇയാള്‍. ഇതോടെ കേസില്‍ നാല് പേര്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്.
രണ്ട് പ്രതികളുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. അനീഷ്, ലാല്‍ കുമാര്‍ എന്നിവരുടെ അറസ്റ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്. ജെസിബി ഓടിച്ചെന്ന് കരുതുന്ന വിജിന്‍ സംഭവദിവസം തന്നെ കീഴടങ്ങിയിരുന്നു. മുഖ്യപ്രതിയായ ടിപ്പര്‍ ഉടമ ഉത്തമനെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ പൊലീസ് സ്ഥിരീകരണം നല്‍കിയിട്ടില്ല.
ചെമ്പൂര് സ്വദേശിയാണ് ഉണ്ണിയെന്ന് അറിയപ്പെടുന്ന ലാല്‍കുമാര്‍. ഒറ്റശേഖമംഗലം സ്വദേശിയാണ് അനീഷ്. കൃത്യത്തില്‍ നേരിട്ട് പങ്കുള്ള മൂന്ന് പേരും ഇവരെ സഹായിച്ച ആറ് പേരുമാണ് പ്രതിപ്പട്ടികയിലുള്ളത്. പ്രതികളുമായി പൊലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തിയേക്കും. കേസില്‍ പൊലീസ് അനാസ്ഥ കാട്ടിയെന്ന് സംഗീതിന്റെ കുടുംബവും നാട്ടുകാരും ആക്ഷേപം ഉന്നയിച്ചിരുന്നു.
അക്രമികള്‍ പ്രശനമുണ്ടാക്കിയപ്പോള്‍ തന്നെ സഹായം തേടി പൊലീസിനെ വിളിച്ചെങ്കിലും ആരും എത്തിയില്ലെന്ന് സംഗീതിന്റെ ഭാര്യ ആരോപിച്ചിരുന്നു. പ്രതികളെല്ലാം രക്ഷപ്പെട്ടശേഷമാണ് പൊലീസ് എത്തിയതെന്ന് നാട്ടുകാരും ആരോപണം ഉന്നയിച്ചു. സംഭവം വിവാദമായതോടെയാണ് പൊലീസ് നടപടി ഊര്‍ജ്ജിതമാക്കിയത്. സ്വന്തം പറമ്പില്‍ നിന്നും അനുവാദമില്ലാതെ മണ്ണ് എടുത്തത് ചോദ്യം ചെയ്തതതിന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കട്ടാക്കട സ്വദേശിയായ സംഗീതിനെ മണ്ണുമാഫിയ ജെസിബി കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയത്.