കുതിരാനില്‍ ചൊവ്വയും ബുധനും ഗതാഗത നിയന്ത്രണം; പാലക്കാട്ടേയ്ക്ക് പോകുന്ന വാഹനങ്ങള്‍ വഴിതിരിച്ചുവിടും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th January 2020 10:26 PM  |  

Last Updated: 27th January 2020 10:26 PM  |   A+A-   |  

 

തൃശൂര്‍: ദേശീയപാതയില്‍ തൃശൂര്‍ കുതിരാനില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു. മലബാറിലേയ്ക്കുള്ള ഭൂഗര്‍ഭ വൈദ്യുത ലൈന്‍ സ്ഥാപിക്കാനാണ് ഗതാഗത നിയന്ത്രണം. 

കുതിരാന്‍ ദേശീപാതയില്‍ രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ഏഴു വരെയാണ് ഗതാഗത നിയന്ത്രണം. പാലക്കാട്ടു നിന്ന് കൊച്ചി ഭാഗത്തേയ്ക്കു വരുന്ന വാഹനങ്ങള്‍ പതിവു പോലെ കടന്നു പോകും. ഇതില്‍, ചരക്കു ലോറികള്‍ക്കും ആംബുലന്‍സുകള്‍ക്കു മാത്രം തുരങ്കപ്പാത തുറന്നു നല്‍കും. അതേസമയം, കൊച്ചിയില്‍ നിന്ന് പാലക്കാട്ടേയ്ക്കു പോകുന്ന വാഹനങ്ങള്‍ ഷൊര്‍ണൂര്‍ വഴിയോ, ചേലക്കര വഴിയോ പോകണം. 

പാചകവാതക ലോറികള്‍ക്കും സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും ഈ സമയം നിയന്ത്രണമുണ്ട്. രണ്ടു ദിവസത്തേയ്ക്കാണ് ഈ നിയന്ത്രണം. പ്രതിദിനം 27,000 വാഹനങ്ങള്‍ കടന്നുപോകുന്ന വഴിയാണ് കുതിരാന്‍ ദേശീയപാത. തുരങ്കപാതയില്‍ ചരക്കുലോറികള്‍ കടത്തിവിടാന്‍ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി. വായുസഞ്ചാരം സുഗമമാക്കാനുള്ള സംവിധാനം, അഗ്‌നിശമനസേന സംവിധാനം തുടങ്ങി എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പതിനഞ്ചു ദിവസം വീതം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ഇതിനു മുന്നോടിയായി ഗതാഗത നിയന്ത്രണം നിരീക്ഷിക്കാന്‍ കൂടി വേണ്ടിയാണ് രണ്ടു ദിവസത്തെ പരിഷ്‌ക്കാരം. 300 പൊലീസുകാരേയും 75 പവര്‍ഗ്രിഡ് ജീവനക്കാരേയും ജോലിയ്ക്കായി നിയോഗിച്ചു. ഭൂഗര്‍ഭ വൈദ്യുത ലൈന്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍ മലബാറിന്റെ വൈദ്യുതി ക്ഷാമം പരിഹരിക്കാം.