'യുഡിഎഫ്-എൽഡിഎഫ് എന്നല്ല, എല്ലാം മറന്ന് ഒന്നിക്കണം'; പൗരത്വ നിയമത്തിനെതിരെ സംയുക്ത പ്രക്ഷോഭം വേണമെന്ന് ആന്റണി
By സമകാലിക മലയാളം ഡെസ്ക് | Published: 27th January 2020 09:40 PM |
Last Updated: 27th January 2020 09:40 PM | A+A A- |
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിൽ രാജ്യം ഒന്നിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ കെ ആന്റണിയും. നേരത്തെ സംസ്ഥാന സർക്കാരുമായി ചേർന്ന് സമരം നടത്തേണ്ടതില്ലെന്ന നിലപാട് കെപിസിസി കൈക്കൊണ്ടിരുന്നു. ഇതിനെ പരോക്ഷമായി തളളി കോൺഗ്രസ് നേതാവ് പി ചിദംബരം രംഗത്തുവന്നത് വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് സംയുക്ത പ്രക്ഷോഭത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ആന്റണിയും രംഗത്തെത്തിയത്.
ആര്‍എസ്എസിനെതിരെ നിലപാടുള്ള എല്ലാവരും ഒരുമിക്കണമെന്ന് ആന്റണി ആവശ്യപ്പെട്ടു. യുഡിഎഫ്-എൽഡിഎഫ് എന്നല്ല, എല്ലാം മറന്ന് ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.ജാതിയും മതവും പാർട്ടിയും മറന്നുള്ള യോജിപ്പ് കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിസംഗരായി ഇരിക്കുന്നവരും സമരത്തിൽ പങ്കുചേരണം. ഭരണഘടന തകര്‍ക്കുകയാണ് ആര്‍എസ്എസ് ലക്ഷ്യമെന്നും കോൺഗ്രസ് നേതാവ് ആരോപിച്ചു.
പൗരത്വ നിയമത്തിനെതിരെ യോജിച്ചുള്ള സമരമാണ് വേണ്ടതെന്നായിരുന്നു ചിദംബരത്തിന്റെ വാക്കുകൾ.സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് സമരം നടത്തേണ്ടതില്ലെന്ന കെപിസിസി നിലപാട് പുറത്തുവന്ന് മണിക്കൂറുകൾക്കകമായിരുന്നു ചിദംബരത്തിന്റെ പ്രസ്താവന.
പ്രാദേശികമായ രാഷ്ട്രീയ ഭിന്നതകള്‍ക്കപ്പുറം വിശാലതാല്പര്യം എല്ലാവരും കണക്കിലെടുക്കണമെന്ന് ചിദംബരം ആവശ്യപ്പെട്ടു.
പ്രക്ഷോഭം ആരു നയിക്കുന്നുവെന്ന് നോക്കേണ്ടതില്ല. നിലവിലെ പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കാന്‍ എല്ലാവരും തയ്യറാകണം. ബംഗാളില്‍ ഇടതുപാര്‍ട്ടികളുമായി യോജിച്ചുള്ള സമരത്തിന് കോണ്‍ഗ്രസ് മുന്‍കൈ എടുത്തത് ചിദംബരം ചൂണ്ടിക്കാട്ടുകയും ചെയ്തു.