വിമർശിക്കുന്നവർ സ്വയം തിരിഞ്ഞുനോക്കണം; മുരളീധരനെതിരെ മുല്ലപ്പള്ളിയുടെ ഒളിയമ്പ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th January 2020 12:45 PM |
Last Updated: 27th January 2020 12:45 PM | A+A A- |
തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടികക്കെതിരെയുള്ള കെ മുരളീധരൻ എംപി ഉന്നയിച്ച വിമർശനത്തിന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പരോക്ഷമായ മറുപടി. ഭാരവാഹി പട്ടികയെ വിമർശിക്കുന്നവർ സ്വയം തിരിഞ്ഞു നോക്കണമെന്ന് മുല്ലപ്പള്ളി പറഞ്ഞു. പുനഃസംഘടിപ്പിച്ച കെപിസിസിയുടെ ആദ്യ യോഗത്തിലായിരുന്നു മുല്ലപ്പള്ളിയുടെ ഒളിയമ്പ്.
പാർട്ടിയിൽ പരസ്യ വിമർശനങ്ങൾ അനുവദിക്കില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. അച്ചടക്ക ലംഘനം കോൺഗ്രസിൽ വെച്ചുപൊറുപ്പിക്കില്ല. സമൂഹ മാധ്യമങ്ങളിൽ നേതാക്കളെ അപകീർത്തിപ്പെടുത്തിയാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും മുല്ലപ്പള്ളി മുന്നറിയിപ്പ് നൽകി.
യോഗ്യതയുള്ളവരാണ് കെപിസിസി ഭാരവാഹികളായി എത്തിയിട്ടുള്ളത്. മുമ്പ് പല പദവികളും ഏറ്റെടുത്ത സമയത്ത് പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്തവരാണ് അവർ. ലോക്സഭ തെരഞ്ഞെടുപ്പിൽ 19 സീറ്റിലും വിജയിച്ച സാഹചര്യം മാറിയിട്ടുണ്ട്. എല്ലാ നേതാക്കളും ഭാരവാഹികളും കഠിനാധ്വാനം ചെയ്താൽ മാത്രമേ യുഡിഎഫിന് തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും വിജയിക്കാൻ സാധിക്കൂ എന്നും മുല്ലപ്പള്ളി പറഞ്ഞു.