അതങ്ങനെ പര്‍വതീകരിച്ചു കാണേണ്ട കാര്യമില്ല; മുരളീധരനു മറുപടിയുമായി  പികെ കുഞ്ഞാലിക്കുട്ടി

അതങ്ങനെ പര്‍വതീകരിച്ചു കാണേണ്ട കാര്യമില്ല; മുരളീധരനു മറുപടിയുമായി  പികെ കുഞ്ഞാലിക്കുട്ടി
അതങ്ങനെ പര്‍വതീകരിച്ചു കാണേണ്ട കാര്യമില്ല; മുരളീധരനു മറുപടിയുമായി  പികെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ യുഡിഎഫ് അനുഭാവികള്‍ പങ്കെടുത്തത് പര്‍വതീകരിച്ചു കാണേണ്ടതില്ലെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ ഏവരും പങ്കെടുക്കുന്നുണ്ടെന്ന് കുഞ്ഞാലിക്കുട്ടി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

എല്‍ഡിഎഫിന്റെ സമരത്തില്‍ യുഡിഎഫ് അനുഭാവികള്‍ പങ്കെടുത്തത് ഗൗരവത്തോടെ കാണേണ്ട കാര്യമാണെന്ന് കെ മുരളീധരന്‍ എംപി അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യം പരിശോധിക്കണമെന്നും യുഡിഎഫ് പൗരത്വ സമരം ശക്തമാക്കണമെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ പ്രതികരണം ആരാഞ്ഞപ്പോഴാണ് കുഞ്ഞാലിക്കുട്ടി നിലപാട് വ്യക്തമാക്കിയത്.

പൗരത്വ നിയമമാണ് രാജ്യത്തെ വലിയ പ്രശ്‌നം. അതിനെതിരെ ഇന്ത്യന്‍ ജനത ഒന്നാകെയാണ്  സമരം ചെയ്യുന്നത്. അത്തരം സമരങ്ങള്‍ക്കു സ്വീകാര്യതയുണ്ട്. ആര് സംഘടിപ്പിക്കുന്നു എന്നു നോക്കിയല്ല പലരും സമരത്തില്‍ പങ്കെടുക്കുന്നത്. അതുകൊണ്ട് എല്‍ഡിഎഫിന്റെ പരിപാടിയില്‍ ആരെല്ലാം പങ്കെടുത്തു എന്നതിനെ പര്‍വതീകരിച്ചുകാണേണ്ടതില്ല. ലീഗിന്റെ ഭാരവാഹികള്‍ തന്നെ സമരത്തില്‍ പങ്കെടുത്തല്ലോയെന്ന ചോദ്യത്തിന്, അത്തരത്തില്‍ കൂടുതല്‍ ഗവേഷണം വേണ്ടെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.

എല്‍ഡിഎഫിന്റെ സമരത്തില്‍ യുഡിഎഫ് അണികള്‍ പങ്കെടുത്തു എന്നതുപോലെയുള്ള ചര്‍ച്ചകള്‍ പൗരത്വ നിയമത്തിന് എതിരായ സമരത്തെ ദുര്‍ബലപ്പെടുത്തുകയേ ഉള്ളൂവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിലെ എല്‍ഡിഎഫ് ചെയ്യുന്ന സമരം, യുഡിഎഫ് ചെയ്യുന്ന സമരം എന്നിങ്ങനെയുള്ള വ്യത്യാസങ്ങളല്ല ഇപ്പോള്‍ നോക്കേണ്ടത്. ദേശീയ തലത്തില്‍ എല്ലാവരും ഒന്നായാണ് സമരം ചെയ്യുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ബിജെപി വിശദീകരണ യോഗങ്ങള്‍ നടത്തുന്ന സ്ഥലങ്ങളില്‍ കടകള്‍ അടപ്പിക്കല്‍, ബസുകള്‍ നിര്‍ത്തിയിടല്‍ എന്നിങ്ങനെയുള്ള തീവ്ര നിലപാടുകള്‍ ആരെയാണ് സഹായിക്കുക എന്ന് ആലോചിക്കേണ്ടതാണെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. അതു ബിജെപിയെയാണ് സഹായിക്കുക. അത്തരം തീവ്രനിലപാടുകളിലേക്കു പോവുന്നതിനോട് യോജിപ്പില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com