വീട്, ഓഫീസ് എന്തായാലും ആക്രമിക്കപ്പെട്ടാല്‍ വെറും ഏഴ് സെക്കന്റിനുള്ളില്‍ പൊലീസിന് കാണാം; രാജ്യത്ത് ആദ്യമായി നൂതന പദ്ധതിക്ക് തുടക്കമിട്ട് കേരള പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th January 2020 03:35 PM  |  

Last Updated: 27th January 2020 03:35 PM  |   A+A-   |  

 

തിരുവനന്തപുരം: സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യസ്ഥാപനങ്ങളും ആക്രമിക്കപ്പെടുകയും വ്യാപകമായ നഷ്ടമുണ്ടാക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങള്‍ നമ്മുടെ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. ദൃക്‌സാക്ഷികളുടെയും സമീപത്തെ സി.സി ടി.വി ദൃശ്യങ്ങളുടെയും സഹായത്താലാണ് ഇത്തരം സംഭവങ്ങള്‍ പൊലീസ് അന്വേഷിച്ചിരുന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായി നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ കയ്യോടെ പിടികൂടാനുള്ള പുതിയൊരു പദ്ധതിക്കാണ് കേരള പൊലീസ് ഇപ്പോള്‍ തുടക്കം കുറിക്കുന്നത്. സെന്‍ട്രല്‍ ഇന്റര്‍ഷന്‍ മോണിറ്ററിംഗ് സിസ്റ്റം (സി.ഐ.എം.എസ്) പദ്ധതി കേരളം നടപ്പിലാക്കുകയാണ്. ഇന്ത്യയില്‍  ആദ്യമായാണ് ഈ പദ്ധതി കേരള പൊലീസ് അവതരിപ്പിക്കുന്നത്.

സെന്‍ട്രല്‍ ഇന്റര്‍ഷന്‍ മോണിറ്ററിംഗ് സിസ്റ്റത്തിന്റെ പ്രത്യേകതകളും പ്രവര്‍ത്തന രീതിയും തികച്ചും ഉപയോഗപ്രദമാണ്. നിങ്ങളുടെ സ്ഥാപനം ആരെങ്കിലും ആക്രമിച്ചാല്‍ മൂന്ന് മുതല്‍ ഏഴ് സെക്കന്റിനകം സി.ഐ.എം.എസ് കണ്‍ട്രോള്‍ റൂമില്‍ സംഭവത്തിന്റെ ദൃശ്യങ്ങളടക്കം കാണാന്‍ കഴിയും. ഉടന്‍തന്നെ സി.ഐ.എം.എസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് നിങ്ങളുടെ സ്ഥാപനത്തിന് അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലേക്ക് ഈ വിവരം റിപ്പോര്‍ട്ട് ചെയ്യപ്പെടും. പൊലീസ് സ്‌റ്റേഷനില്‍ നിന്ന് നിങ്ങളുടെ സ്ഥാപനത്തില്‍ എത്തിച്ചേരാനുള്ള ദൂരം, സമയം, ലൊക്കേഷന്‍ മാപ്പ് മുതലായ വിവരങ്ങള്‍ കൈമാറുകയും ചെയ്യും. തത്സമയം തന്നെ പൊലീസ് എത്തി എഫ്.ഐ.ആര്‍ റജിസ്റ്റില്‍ ചെയ്യും.

സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം പ്രകാരം കേരള പൊലീസ് തയാറാക്കിയ ഈ പദ്ധതി കെല്‍ട്രോണിന്റെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സി.ഐ.എം.എസ് കണ്‍ട്രോള്‍ റൂം കേരള പൊലീസിന്റെയും കെല്‍ട്രോണിന്റെയും വിദഗ്ധ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാകും പ്രവര്‍ത്തിക്കുന്നത്.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍, ഫ്‌ളാറ്റുകള്‍, ഓഫീസുകള്‍, ബാങ്കുകള്‍, എ.ടി.എം കൗണ്ടറുകള്‍ തുടങ്ങി ഏത് സ്ഥാപനങ്ങളെയും സി.ഐ.എം.എസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പിക്കാവുന്നതാണ്. സ്ഥാപനം സി.ഐ.എം.എസ് കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിച്ചാല്‍ കണ്‍ട്രോള്‍ റൂമിലുള്ള പ്രത്യേകതരം ഹാര്‍ഡ് വെയറും വീഡിയോ മാനേജ്‌മെന്റ് സിസ്റ്റവും നിങ്ങളുടെ സ്ഥാപനത്തില്‍ സ്ഥാപിക്കുന്ന ലോക നിലവാരമുള്ള സെന്‍സറുകളും ക്യാമറകളും ഇന്റര്‍ഫേസിങ് യൂണിറ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഇത്തരത്തില്‍ കണക്ഷന്‍ നിലനില്‍ക്കുന്നതിനാല്‍ ഏത് സമയത്തും നിങ്ങളുടെ സ്ഥാപനം പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ നിരീക്ഷണത്തിലായിരിക്കും. 

പദ്ധതി നടപ്പിലാകുന്നതോടെ ഏറ്റവും ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്കും സ്ഥാനം ലഭിക്കും
നിങ്ങളുടെ സ്ഥാപനം  സി.ഐ.എം.എസുമായി കണക്ട് ചെയ്താല്‍ എല്ലാ മൂന്ന് മിനിട്ടിലും ഒരിക്കല്‍ നിങ്ങളുടെ സ്ഥാപനവുംസി.ഐ.എം.എസ് കണ്ട്രോള്‍റൂമുമായി സിസ്റ്റം ഹെല്‍ത്ത്  ചെക്ക്അപ്  നടക്കുത്തും. നിങ്ങളുടെ സ്ഥാപനത്തില്‍ സ്ഥാപിച്ചിട്ടുള്ള ഏതെങ്കിലും എക്യുപ്‌മെന്റ്  പ്രവര്‍ത്തനരഹിതമായാല്‍ തല്‍ക്ഷണം ആ വിവരം കണ്ട്രോള്‍ റൂമില്‍ അറിയും. ഉടന്‍തന്നെ സര്‍വീസ് എഞ്ചിനീയര്‍  സ്ഥലത്തെത്തി  അത് പരിഹരിക്കുകയും  ഈ വിവരം സ്ഥാപനമുടമയ്ക്ക് എസ്.എം.എസ് ആയി അറിയിപ്പ് ലഭിക്കുന്നതുമാണ്.

സെന്‍സര്‍, ക്യാമറ, കണ്‍ട്രോള്‍ പാനല്‍ എന്നിവയാണ് സി.ഐ.എം.എസിന് ആവശ്യം. മൊബൈല്‍ ഫോണുകള്‍ പോലെ ജി.എസ്.എം സംവിധാനത്തിലാണ് വിവരങ്ങള്‍ കൈമാറുക. ആരെങ്കിലും അതിക്രമിച്ചുകടന്നാല്‍ ക്യാമറയും സെന്‍സറുകളും പ്രവര്‍ത്തനക്ഷമമാകുകയും ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമിലേക്ക് തല്‍സമയം എത്തുകയും ചെയ്യും. ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമിലുള്ളവര്‍ക്ക് കാണാമെന്നതിനാല്‍ തെറ്റായ സന്ദേശം വന്നാലും തിരിച്ചറിയാനാകും.

ദൃശ്യങ്ങള്‍ മൂന്നു മാസം വരെ സൂക്ഷിക്കാനാകും. പത്തുലക്ഷം ഉപഭോക്താക്കളെ വരെ ഉള്‍ക്കൊള്ളാന്‍ ആദ്യഘട്ടത്തില്‍ കഴിയും. രണ്ട് കമ്പനികളുടെ ഇന്റര്‍നെറ്റ് സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഓരോ ഉപഭോക്താവിന്റെയും ആവശ്യമനുസരിച്ച് സെന്‍സറുകളുടെയും ക്യാമറയുടെയും എണ്ണത്തില്‍ വ്യത്യാസം വരും. കുറഞ്ഞത് 80,000 രൂപയാണ് ചെലവ് കണക്കാക്കുന്നത്. കൂടാതെ പ്രതിമാസം  500 രൂപ മുതല്‍ 1000 രൂപ  വരെ ഫീസ് കെല്‍ട്രോണ്‍ ഈടാക്കും. വ്യാപാര സ്ഥാപനങ്ങളിലും എ.ടി.എമ്മുകളിലും ഈ സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം കുറയും. കൊടും ക്രിമിനലുകളെ തിരിച്ചറിയുന്ന ഫേസ് റെക്കഗ്‌നിഷന്‍ സംവിധാനവും ഇതോടൊപ്പം അവതരിപ്പിക്കാന്‍ ആലോചനയുണ്ട്. അക്രമി സംഘത്തില്‍ ഇങ്ങനെയൊരാള്‍ ഉണ്ടെങ്കില്‍ പൊലീസിന് പെട്ടെന്ന് തിരിച്ചറിയാനാകും.