അവര്‍ ഒരു തീരുമാനം എടുത്താല്‍ എല്ലാവരും കൂടും; മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ശക്തം; തെറിയുടെ ഭാഷ തനിക്കറിയില്ലെന്നും രാജഗോപാല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th January 2020 06:09 PM |
Last Updated: 28th January 2020 06:09 PM | A+A A- |
തിരുവനന്തപുരം: സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കില്ലെന്നാണ് പ്രതീക്ഷയെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. രാഷ്ട്രപതിയുടെ അധികാരത്തില്‍ പെട്ട വിഷയത്തില്‍ നിയമസഭയെ ഉപയോഗിച്ചാല്‍ താന്‍ അതിനെ എതിര്‍ക്കുമെന്നും രാജഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസിന് നിക്ഷിപ്ത താല്പര്യങ്ങള്‍ ഉണ്ടായിരിക്കും അതിന് ബിജെപി കൂട്ട് നില്‍ക്കില്ല എന്നും രാജഗോപാല്‍ പറഞ്ഞു.
ബിജെപിക്ക് സംസ്ഥാന അധ്യക്ഷന്‍ ഇല്ലാത്തത് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചു. സമാന സാഹചര്യം ബിജെപിയില്‍ മുന്‍പ് ഉണ്ടായിട്ടില്ല. പൗരത്വനിയമത്തിലടക്കം സമയോചിതമായ തീരുമാനം എടുക്കാന്‍ നേതൃത്വം ഉണ്ടായില്ല. തന്റെ പ്രവര്‍ത്തന ശൈലി മാറ്റില്ലെന്നും തെറിയുടെ ഭാഷ തനിക്കറിയില്ലെന്നും രാജഗോപാല്‍ പറഞ്ഞു.
പൗരത്വ നിയമത്തിനെതിരായ പ്രമേയത്തെ താന്‍ പിന്തുണച്ചെന്ന പ്രതിപക്ഷ നേതാവിന്റെ പ്രചാരണം വസ്തുത വളച്ചൊടിക്കല്‍ ആണ്. താന്‍ അഞ്ചുമിനിറ്റ് പ്രസംഗിച്ചതിന് രേഖകള്‍ ഉണ്ടെന്നും ബാക്കിയുള്ളതെല്ലാം വസ്തുതകള്‍ വളച്ചൊടിച്ച് ആളുകളുടെ കണ്ണില്‍ പൊടി ഇടുന്ന പരിപാടിയാണ് രാജഗോപാല്‍ പറഞ്ഞു. സര്‍ക്കാരും ഗവര്‍ണറും പരസ്യ ഏറ്റുമുട്ടല്‍ ഉണ്ടാവാന്‍ പാടില്ലെന്ന് താന്‍ പറഞ്ഞതിന് സ്വീകാര്യത ഉണ്ടായിട്ടുണ്ടെന്ന നിലപാട് ഒ.രാജഗോപാല്‍ ആവര്‍ത്തിച്ചു.
ഗവര്‍ണറുടെ സല്‍ക്കാരത്തിന് പോയ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുന്ന പ്രതിപക്ഷത്തെ ഒ.രാജഗോപാല്‍ നിശിതമായി വിമര്‍ശിച്ചു. രമേഷ് ചെന്നിത്തല അതിനെ കുറ്റമായിട്ടു കാണുന്നു എന്നും അത് ഇടുങ്ങിയ ചിന്താഗതിയാണെന്നും രാജഗോപാല്‍ അഭിപ്രായപ്പെട്ടു. എല്‍.ഡി.എഫിന്റെ മനുഷ്യമഹാശൃംഖലയെ കുറിച്ചുള്ള ചോദ്യത്തിന്, 'കേരളത്തിലെ ഏറ്റവും ശക്തമായിട്ടുള്ള പാര്‍ട്ടി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ആണ് അവര്‍ ഒരു ഔദ്യോഗിക തീരുമാനം എടുത്താല്‍ എല്ലാവരും കൂടും എന്നത് സ്വാഭാവികം ആണ്,' രാജഗോപാല്‍ പറഞ്ഞു.