ആംബർഡെയ്‍ൽ റിസോർട്ടിന്റെ പട്ടയം; കലക്ടറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th January 2020 07:32 PM |
Last Updated: 28th January 2020 07:32 PM | A+A A- |
കൊച്ചി: മൂന്നാറിലെ ആംബർഡെയ്‍ൽ റിസോർട്ടിന്റെ പട്ടയം റദ്ദാക്കിയ ജില്ലാ കലക്ടറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. പട്ടയ വ്യവസ്ഥകൾ ലംഘിച്ചെന്ന് കാണിച്ച് ഇടുക്കി ജില്ലാ കലക്ടറാണ് പട്ടയം റദ്ദാക്കിയത്. കലക്ടറുടെ നടപടിക്കെതിരെ ഉടമകൾ നൽകിയ ഹർജിയിലാണ് കോടതി സ്റ്റേ അനുവദിച്ചത്.
പുലിപ്പാറയ്ക്ക് സമീപമുള്ള പഴയ പ്ലംജൂഡി റിസോർട്ടാണ് ഇപ്പോൾ അംബർഡെയ്‍ൽ എന്ന പേരിൽ പ്രവർത്തിക്കുന്നത്. ഇതുൾപ്പടെ പള്ളിവാസൽ മേഖലയിലെ മൂന്ന് റിസോർട്ടുകളുടെ പട്ടയങ്ങളാണ് കലക്ടർ റദ്ദാക്കിയിരുന്നത്.
എന്നാൽ ആംമ്പർ ഡെയ്ൽ റിസോർട്ട് ഉടമ മാത്രമാണ് ഹൈക്കോടതിയെ സമീപിച്ചത്. പട്ടയം റദ്ദാക്കിയ കലക്ടറുടെ നടപടി നിയമപരമല്ലെന്നും കേസിൽ തങ്ങളുടെ ഭാഗം കേൾക്കാൻ കലക്ടർ തയാറായില്ലെന്നും റിസോർട് ഉടമകൾ കോടതിയിൽ നിലപാടെടുത്തു. വിജിലൻസ് കേസിന്റെ അടിസ്ഥാനത്തിൽ മാത്രം പട്ടയം റദ്ദാക്കാൻ ആകില്ലെന്നും റിസോർട് ഉടമകൾ ഹൈക്കോടതിയെ അറിയിച്ചു. ഹർജി പരിഗണിക്കുന്നത് കോടതി 25ലേക്ക് മാറ്റി.
1964ലെ ഭൂ ചട്ടങ്ങൾ പ്രകാരം കൃഷിക്കും താമസത്തിനുമായി അനുവദിച്ച ഭൂമി വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുകയും വൻകിട കെട്ടിടങ്ങൾ നിർമിക്കുകയും ചെയ്തെന്നായിരുന്നു വിജിലൻസും റവന്യു വകുപ്പും കണ്ടെത്തിയത്. തുടർന്നാണ് ഭൂമി ഏറ്റെടുക്കാൻ തഹസിൽദാരോട് കലക്ടർ നിർദേശിച്ചത്.