വിവാഹത്തിന് നിയമ സാധുത വേണം; സംസ്ഥാനത്തെ ആദ്യ സ്വവര്‍ഗ ദമ്പതികള്‍ നിയമപോരാട്ടത്തിലേക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th January 2020 06:54 AM |
Last Updated: 28th January 2020 06:56 AM | A+A A- |
കൊച്ചി: സ്വവര്‍ഗ വിവാഹവും സ്‌പെഷ്യല്‍ മാരേജ് ആക്ട് 1954ന് കീഴില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി കേരളത്തിലെ ആദ്യ ഗേ ദമ്പതിമാരായ നികേഷും സോനുവും. ഇവർ ഹൈക്കോടതിയെ സമീപിച്ചു. നികേഷും സോനുവും സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിൽ കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചുട്ടുണ്ട്.
ഒന്നര വർഷം മുൻപാണ് പ്രണയത്തിനൊടുവിൽ നികേഷും സോനുവും മോതിരം കൈമാറുന്നത് . പിന്നീട് ഗുരുവായൂരപ്പനെ സാക്ഷിനിര്‍ത്തി കേരളത്തിലെ ആദ്യ സ്വവര്‍ഗ ദന്പതികള്‍ പുതിയ ജീവിതത്തിലേക്ക് കാല്‍വച്ചു. എന്നാൽ പിന്നിടങ്ങോട്ട് കടുത്ത വിവേചനമാണ് നേരിടേണ്ടി വന്നത് . ഔദ്യോഗികമായ ഒരു രേഖകളിലും ദന്പതികള്‍ എന്ന് പറയാന്‍ കഴിയാത്ത അവസ്ഥയിലായി ഇവർ.
ഈ സാഹചര്യത്തിലാണ് സ്പെഷ്യല്‍ മാര്യേജ് ആക്ടില്‍ ഭേദഗതി വരുത്തണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നത്. സ്ത്രീയും പുരുഷനും തമ്മിലുള്ളതാണ് വിവാഹം എന്നാണ് നിയമത്തില്‍ പറയുന്നത്. ഇത് കടുത്ത വിവേചനവും മൗലിക അവകാശങ്ങളുടെ ലംഘനവുമാണെന്ന് നികേഷും സോനുവും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു .ജസ്റ്റിസ് അനു ശിവരാമനാണ് ഹര്‍ജി പരിഗണിക്കുന്നത്. വിവാഹേതര ബന്ധം, സ്വവര്‍ഗ രതി എന്നിവക്ക് പിന്നാലെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഈ ഹര്‍ജി വഴിവച്ചേക്കും.