'സിഎഎ' ആർട്സ് ഫെസ്റ്റിന് തുടക്കം; വേദികൾ സോഷ്യലിസ്റ്റ്, ഡെമോക്രാറ്റിക്ക്, സെക്കുലർ, റിപ്പബ്ലിക്ക്, സോവറിൻ
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th January 2020 09:02 PM |
Last Updated: 28th January 2020 09:02 PM | A+A A- |
ചങ്ങനാശ്ശേരി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ നാട് മുഴുവൻ നടക്കവേ കോളജ് യൂണിയൻ കലോത്സവവും പ്രതിരോധത്തിന്റെ ഇടമാക്കി യുവ ജനത. ചങ്ങനാശ്ശേരി എസ്ബി കോളജ് കലാലയ യൂണിയനാണ് ഭരണഘടന അട്ടിമറിക്കപ്പെടുന്ന കാലത്ത് കലാലയ വേദികളെ തന്നെ പ്രതിഷേധത്തിന്റെ നിലപാടിടമാക്കി മാറ്റിയത്.
എസ്എഫ്ഐ നേതൃത്വം നൽകുന്ന എസ്ബി കോളജ് യൂണിയന്റെ ആർട്സ് ഫെസ്റ്റ് പേരിൽ തന്നെ തുടങ്ങുന്നു വ്യത്യസ്തത. കാ (CAA) എന്നാണ്. ഓരോ വേദികളുടെയും പേരുകൾ സോവറിൻ (Sovereign), സോഷ്യലിസ്റ്റ് (socialist), ഡെമോക്രാറ്റിക്ക് (democratic), സെക്കുലർ (secular), റിപ്പബ്ലിക്ക് ( republic) എന്നിങ്ങനെയാണ്. ഉദ്ഘാടന വേദിയിൽ ഭരണഘടനയുടെ ആമുഖം വായിച്ചു കൊണ്ടാണ് ആർട്സ് ക്ലബ് സെക്രട്ടറി ബെബറ്റോ ഭാസ്കർ സദസ്സിനെ അഭിവാദ്യം ചെയ്തു സംസാരിച്ചത്.
ഒരു "റോഹിംഗ്യൻ കലാരൂപം" എന്ന ഉപശീർഷകം അഭയാർഥികളാകേണ്ടി വരുന്ന മുഴുവൻ മനുഷ്യരെയും അടയാളപ്പെടുത്തുന്നതാണ്.
കലോത്സവത്തിന്റെ സംഘാടനത്തിൽ രാഷ്ട്രീയ കലർത്തി എന്നാരോപിച്ചു എബിവിപി ഉൾപ്പെടയുള്ള ഇതര വിദ്യാർത്ഥികൾ കോളജിൽ പ്രതിഷേധത്തിലാണ്. രാഷ്ട്രീയം നിരോധിച്ച ഇടങ്ങളെ തന്നെ രാഷ്ട്രീയ പ്രതിരോധത്തിന്റെ വേദികളാക്കി മാറ്റുകയാണ് എസ് ബി കോളേജ് യൂണിയൻ.