കൊറോണ വൈറസ്; സംസ്ഥാനത്ത് 288 പേർ നിരീക്ഷണത്തിൽ, 7 പേർക്ക് രോ​ഗലക്ഷണം; ആശങ്ക വേണ്ടെന്ന് ആരോ​ഗ്യമന്ത്രി

എറണാകുളം ജില്ലയിൽ മൂന്നും, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ ജില്ലകളിൽ ഒരാൾ വീതവും ആണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്
കൊറോണ വൈറസ്; സംസ്ഥാനത്ത് 288 പേർ നിരീക്ഷണത്തിൽ, 7 പേർക്ക് രോ​ഗലക്ഷണം; ആശങ്ക വേണ്ടെന്ന് ആരോ​ഗ്യമന്ത്രി

ലോകവ്യാപകമായി പടർന്നു പിടിക്കുന്ന കൊറോണ വൈറസിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ. നിലവിൽ സംസ്ഥാനത്ത് 288 പേർ നിരീക്ഷണത്തിലാണ്. ഇതിൽ ഏഴ് പേർ ലക്ഷണങ്ങൾ കാണിച്ചിട്ടുണ്ട്. ഇവർ ആശുപത്രിയിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. എന്നാൽ ഏഴു പേരിൽ അഞ്ച് പേരുടെ പരിശോധന ഫലവും നെ​ഗറ്റീവാണെന്നും രണ്ടു പേരുടെ ഫലം ഇന്ന് ലഭിക്കുമെന്നും ആരോ​ഗ്യമന്ത്രി അറിയിച്ചു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഏതു സാഹചര്യവും നേരിടാൻ ആരോ​ഗ്യവകുപ്പ് ഒരുക്കമാണെന്നും ഷൈലജ ഫേയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

കെ.കെ ഷൈലജയുടെ ഫേയ്സ്ബുക്ക് കുറിപ്പ്

കൊറോണ വൈറസ് ബാധയെക്കുറിച്ച് ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല രോഗത്തെ നേരിടാന്‍ ആരോഗ്യ വകുപ്പ് പൂര്‍ണ സജ്ജമാണ്. വല്ലാതെ ഭയപ്പെടേണ്ട സാഹചര്യമില്ല. എന്നാല്‍ വലിയ തോതിലുള്ള ശ്രദ്ധ വേണം. നല്ല മുന്നൊരുക്കം ആരോഗ്യ വകുപ്പ് ചെയ്തിട്ടുണ്ട്. ആരും ഭയപ്പെടേണ്ടതില്ല. ഏത് സാഹചര്യമുണ്ടായാലും നേരിടാന്‍ നമ്മള്‍ ഒരുങ്ങിയിട്ടുണ്ട്. ചൈനയിലുള്ള മലയാളികളുടെ സുരക്ഷയും ചികിത്സയും ഉറപ്പാക്കാൻ നോർക്ക വഴി മുഖ്യമന്ത്രി ഇടപെട്ടിട്ടുണ്ട്.

നിലവില്‍ സംസ്ഥാനത്തു 288 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ ഏഴ് പേരാണ് ലക്ഷണം കാണിച്ചിട്ടുള്ളത്. ഇവർ ആശുപത്രിയിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഏഴു പേരിൽ 5 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. രണ്ട് പേരുടെ ഫലം ചൊവ്വാഴ്ച ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എറണാകുളം ജില്ലയിൽ മൂന്നും, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ ജില്ലകളിൽ ഒരാൾ വീതവും ആണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. കണ്ണൂർ ജില്ലയിൽ 18പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 4 പേർ ഒരു കുടുംബത്തിലുള്ളവരാണ്. മുന്‍കരുതല്‍ എന്ന നിലയിലാണ് ഇവരെ എല്ലാം നിരീക്ഷിക്കുന്നത്. 28 ദിവസമാണ് നിരീക്ഷണ കാലയളവ്.

ചൈനയില്‍ നിന്നും രോഗബാധയുണ്ടായ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം. ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവരും ഇക്കാര്യം അറിയിക്കണം. അതോടൊപ്പം ആരോഗ്യ വകുപ്പ് നേരിട്ടും നിരീക്ഷണം നടത്തുന്നുണ്ട്. മുന്‍കരുതല്‍ എന്ന നിലയില്‍ ഇത്തരം ആളുകളെ നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ ചികിത്സ നല്‍കാനുമുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.

ആരോഗ്യ വകുപ്പ് സെക്രട്ടറി യുടെ മേൽനോട്ടത്തിൽ തിരുവനന്തപുരംത്തു കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. എല്ലാ മെഡിക്കല്‍ കോളേജുകളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചു. എല്ലാ ജില്ലകളിലും രണ്ട് ആശുപത്രികളില്‍ ഇങ്ങനെ ഐസൊലേഷന്‍ വാര്‍ഡ് ഉണ്ടാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com