ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും ബിനാമികള്‍; കേരളത്തിലെ സമരത്തിന് പണം നല്‍കുന്നത് പോപ്പുലര്‍ ഫ്രണ്ട്; എംടി രമേശ്

പൗരത്വനിയമത്തിനെതിരായി കേരളത്തില്‍ നടക്കുന്ന സമരങ്ങളുടെ സ്‌പോണ്‍സര്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് ബിജെപി നേതാവ് എംടി രമേശ്
ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും ബിനാമികള്‍; കേരളത്തിലെ സമരത്തിന് പണം നല്‍കുന്നത് പോപ്പുലര്‍ ഫ്രണ്ട്; എംടി രമേശ്

കൊച്ചി:പൗരത്വനിയമത്തിനെതിരായി കേരളത്തില്‍ നടക്കുന്ന സമരങ്ങളുടെ സ്‌പോണ്‍സര്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് ബിജെപി നേതാവ് എംടി രമേശ്. കോഴിക്കോട്ടെ ഒരു ബാങ്കില്‍ നിന്ന് വലിയ തുകയാണ് കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ട് പിന്‍വലിച്ചത്. ഇതുപോലെ 177 കോടി രൂപ രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിന്ന് പോപ്പുലര്‍ ഫ്രണ്ട് പിന്‍വലിച്ചു.  ഈ പണം ഉപയോഗിച്ചാണ് പൗരത്വനിയമത്തിനെതിരെ രാജ്യത്ത് സമരം തുടരുന്നത്.  പിന്‍വലിച്ച  ഈ തുക സമരത്തിന് നേതൃത്വം നല്‍കുന്നവര്‍ക്കുള്ള പ്രതിഫലമാണോയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കണമെന്ന് എംടി രമേശ് പറഞ്ഞു. 

നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത് മുസ്ലീം ലീഗും കോണ്‍ഗ്രസ് എംപിയായ ടിഎന്‍ പ്രതാപനുമാണ്. ഇവര്‍ക്കായി കേസില്‍ ഹാജരാകുന്നത് പ്രമുഖ അഭിഭാഷകന്‍ കപില്‍ സിബല്‍ അണ്. അദ്ദേഹത്തിന്റെ അക്കൗണ്ടിലെത്തിയത് 77 ലക്ഷം രൂപയാണ്. ഈ പണം എന്തിനാണ് പോപ്പുലര്‍ ഫ്രണ്ട് നല്‍കിയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കണം. പോപ്പുലര്‍ ഫ്രണ്ടിന്റെ ബിനാമികളാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ടിഎന്‍ പ്രതാപനും പികെ കുഞ്ഞാലിക്കുട്ടിയുമെന്ന് രമേശ് പറഞ്ഞു. സര്‍ക്കാരിനായി ഹാജരായ അഭിഭാഷകന് പണം നല്‍കിയതും പോപ്പുലര്‍ ഫ്രണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.

പൗരത്വനിയമത്തിനെതിരെ കേരളത്തില്‍ നടക്കുന്ന സമരം ഇന്ത്യാവിരുദ്ധ കലാപമാണ്. ഇത് കേരളത്തിലെ മുസ്ലീം സമൂഹം തിരിച്ചറിയണം. രാഷ്ട്രീയ നേട്ടത്തിനായി മുസ്ലീങ്ങളെ കോണ്‍ഗ്രസും സിപിഎമ്മും രംഗത്തിറക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ മെഗാഫോണുകളായി പിണറായിയിയും രമേശ് ചെന്നിത്തലയും മാറിയെന്ന് രമേശ് പറഞ്ഞു

പോപ്പുലര്‍ ഫ്രണ്ടിന്റെ നിര്‍ദ്ദേശാനുസരണമാണ് കോഴിക്കോട്ടെ മാവോയിസ്റ്റുകളുടെ വീട്ടില്‍ രമേശ് ചെന്നിത്തല സന്ദര്‍ശനം നടത്തിയത്. ഇപ്പോള്‍ ഗവര്‍ണര്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയവും അതിന്റെ ഭാഗമാണ്. വാങ്ങിയ കാശിനുള്ള ഉപകാരസ്മരണയാണ് ചെന്നിത്തല കാണിക്കുന്നത്. കേരളത്തില്‍ നടക്കുന്ന സിഎഎ വിരുദ്ധ പ്രക്ഷോഭം ഗവര്‍ണര്‍ക്കെതിരയുള്ള സമരമായി മാറിയെന്നും കോണ്‍ഗ്രസ് ദേശവിരുദ്ധ സംഘടനകളുടെ കൈയിലെ പാവയായി മാറരുതെന്നും രമേശ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com