മന്ത്രിസഭ അംഗീകരിച്ചതാണ് സംസ്ഥാനത്തിന്റെ നയം; ഗവര്‍ണര്‍ അതു ജനങ്ങളോടു പറയേണ്ടയാള്‍ മാത്രം: സ്പീക്കര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th January 2020 11:34 AM  |  

Last Updated: 28th January 2020 11:34 AM  |   A+A-   |  

p_sreeramakrishnan1

 

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ നയം രൂപപ്പെടുത്തേണ്ടത് മന്ത്രിസഭയാണെന്നും അതു ജനങ്ങളെ അറിയിക്കേണ്ട ഭരണഘടനാപരമായ ബാധ്യത മാത്രമാണ് ഗവര്‍ണര്‍ക്കുള്ളതെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. മന്ത്രിസഭ അംഗീകരിച്ചാല്‍ അതു നയമായി മാറിയെന്ന് സ്പീക്കര്‍ പറഞ്ഞു. 

നാളെ നിയമസഭാ സമ്മേളനം ചേരാനിരിക്കെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ എന്തു നിലപാടു സ്വീകരിക്കുമെന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായ സാഹചര്യത്തില്‍, മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് സ്പീക്കര്‍ നിലപാടു വ്യക്തമാക്കിയത്. നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളില്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് വ്യക്തത തേടിയിരുന്നു. പരാമര്‍ശങ്ങള്‍ നീക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ ഗവര്‍ണറെ അറിയിച്ചിട്ടുള്ളത്. 

മന്ത്രിസഭ അംഗീകരിക്കുന്നതെന്തോ അതാണ് സംസ്ഥാനത്തിന്റെ നയമെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. അതു സഭയെയും ജനങ്ങളെയും അറിയിക്കുക എന്ന ഭരണഘടനാപരമായ ബാധ്യതയാണ് ഗവര്‍ണര്‍ക്കുള്ളത്. അത് അദ്ദേഹം നിറവേറ്റുമെന്നാണ് പ്രതീക്ഷയെന്ന് സ്പീക്കര്‍ പറഞ്ഞു.

ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട്, റൂള്‍ 130 പ്രകാരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ നോട്ടീസ് നിലനില്‍ക്കുന്നതാണെന്ന് സ്പീക്കര്‍ വ്യക്തമാക്കി. സഭാനാഥനായ മുഖ്യമന്ത്രിയോട് ആലോചിച്ച് കാര്യോപദേശക സമിതിയില്‍ ചര്‍ച്ച ചെയ്ത് പ്രമേയം അവതരിപ്പിക്കുന്നതിനു സമയം അനുവദിക്കും. പ്രമേയം ചട്ടപ്രകാരമാണോ എന്നു മാത്രമാണ് സ്പീക്കര്‍ നോക്കേണ്ടത്. അതിന്റെ ഉള്ളടക്കം തന്റെ വിഷയമല്ലെന്ന് അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസാക്കിയത് ചട്ടപ്രകാരമാണ്. അങ്ങനെ പ്രമേയം പാസാക്കാനുള്ള അവകാശം സഭയ്ക്കുണ്ട്. അതു നിയമവിരുദ്ധമാണെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടപ്പോള്‍ അങ്ങനെയല്ല എന്നു വിശദീകരിക്കുകയാണ് താന്‍ ചെയ്തിട്ടുള്ളത്. ജനങ്ങള്‍ക്കിടയില്‍ സഭയെക്കുറിച്ച തെറ്റിദ്ധാരണ പത്തുന്ന അവസ്ഥ വന്നപ്പോള്‍ പ്രതികരിക്കേണ്ടത് സഭാധ്യക്ഷന്‍ എന്ന നിലയില്‍ തന്റെ ചുമതലയാണെന്ന് സ്പീക്കര്‍ പറഞ്ഞു.