വാര്‍ത്താസമ്മേളനത്തില്‍ 'ഏറ്റുമുട്ടി' സിദ്ദീഖും ലീഗ് ജില്ലാ പ്രസിഡന്റും ; എല്‍ഡിഎഫിനൊപ്പം യോജിച്ച പോരാട്ടം വേണമെന്ന് ഉമ്മര്‍ പാണ്ടികശാല; സാധ്യമല്ലെന്ന് കോണ്‍ഗ്രസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th January 2020 03:46 PM  |  

Last Updated: 28th January 2020 04:24 PM  |   A+A-   |  

 

കോഴിക്കോട്: പൗരത്വനിയമത്തിനെതിരെ യുഡിഎഫ് സംഘടിപ്പിക്കുന്ന മനുഷ്യഭൂപടം പരിപാടിയുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കള്‍ തമ്മില്‍ അഭിപ്രായ ഭിന്നത. കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദിഖും മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാലയുമാണ് വാര്‍ത്താ സമ്മേളനത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പങ്കുവെച്ചത്.

പൗരത്വനിയമത്തിനെതിരെ എല്‍ഡിഎഫിനൊപ്പം യോജിച്ച സമരമാണ് വേണ്ടതെന്ന് ലീഗ് ജില്ലാ പ്രസിഡന്റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ യോജിച്ച സമരം ഇനിയുണ്ടാകില്ലെന്ന് ടി സിദ്ദിഖും അഭിപ്രായപ്പെട്ടു. ഇടുതുമുന്നി ഒരു സമരം സംഘടിപ്പിച്ചാല്‍ അതിന്റെ പിന്നാലെ പോകേണ്ട ഗതികേട് യുഡിഎഫിന് ഇല്ല. ഒരുമിച്ചുള്ള സമരത്തെ എതിര്‍ത്തത് ഇടതുമുന്നണിയാണ്. ഇനി യോജിച്ച സമരത്തിന് സാധ്യതയില്ലെന്നും സിദ്ദിഖ് പറഞ്ഞു.

യോജിച്ച സമരം നടത്തേണ്ടതില്ലെന്ന് ആരും പറഞ്ഞിട്ടില്ല. മതിയായ ആലോചയ്ക്ക് ശേഷം ഇനിയും യോജിച്ച സമരങ്ങള്‍ നടത്താനുള്ള സാധ്യതയുണ്ട്. ഇവിടെ നടന്ന സമരം തീര്‍ത്തും കക്ഷിരാഷ്ട്രീയത്തിന്റെ അഭിപ്രായത്തിലായിപ്പോയി. എല്‍ഡിഎഫ് നടത്തിയ മനുഷ്യശൃംഖലയിലെ ആളുകളെ പങ്കെടുപ്പിക്കണമെന്നാഗ്രഹം യുഡിഎഫിന് ഇല്ലാതെ പോയെന്നും ഉമ്മര്‍ പാണ്ടികശാല പറഞ്ഞു.

പൗരത്വനിയമത്തിനെതിരെ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യമഹാശൃംഖലയില്‍ മുസ്ലീം ലീഗില്‍ നിന്നും നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു. മുസ്ലീംലീഗ് നേതാവായ കെഎം ബഷീറിനെ നേതൃത്വം സസ്‌പെന്റ് ചെയ്തിരുന്നു.