കുതിരാനില്‍ ഗതാഗത നിയന്ത്രണം, തുരങ്കം ഭാഗികമായി തുറന്നു; പവ്വര്‍ഗ്രിഡ് ട്രയല്‍ റണ്‍ തുടങ്ങി
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th January 2020 09:18 AM |
Last Updated: 29th January 2020 09:18 AM | A+A A- |

തൃശൂര്‍: കുതിരാന്‍ മേഖലയില്‍ പവ്വര്‍ഗ്രിഡ് കോര്‍പ്പറേഷിന്റെ ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിക്കുന്നതിനുളള ട്രയല്‍ റണ്‍ തുടങ്ങി. തൃശൂര്‍ പാലക്കാട് ദേശീയ പാതയിലെ കുതിരാന്‍ ഭാഗത്ത് വാഹന കുരുക്കില്ലാത്ത വിധം ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയാണ് ട്രയല്‍ റണ്‍ തുടങ്ങിയത്. ഇതിന്റെ ഭാഗമായി കുതിരാന്‍ തുരങ്കം ഭാഗികമായി തുറന്നു.
പാലക്കാട് ഭാഗത്ത് നിന്നുളള ഭാരവാഹനങ്ങളാണ് തുരങ്കത്തിലൂടെ കടത്തിവിട്ടത്. തുരങ്കത്തിലൂണ്ടായ പൊടി അല്പനേരം ബുദ്ധിമുട്ടായെങ്കിലും ഫയര്‍ ഫോഴ്‌സ് വെളളം തളിച്ച് ശമിപ്പിച്ചു. തൃശൂര്‍ ഭാഗത്ത് നിന്നും കുതിരാനിലൂടെയുളള ഭാരവാഹനങ്ങള്‍ക്ക് വൈകീട്ട് അഞ്ച് വരെ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.
ജില്ലാ കലക്ടര്‍ എസ് ഷാനവാസിന്റെ നേതൃത്വത്തിലുളള സംഘം കുതിരാനിലെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി. ട്രയല്‍ റണ്‍ നടക്കുന്ന സ്ഥലവും കുതിരാന്‍ തുരങ്കവും സംഘം സന്ദര്‍ശിച്ചു. മുന്‍ നിശ്ചയിച്ച പ്രകാരമാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നതെന്നും പഴയന്നൂര്‍ വഴി ഒറ്റപ്പാലത്തേക്ക് വാഹനങ്ങള്‍ വഴി തിരിച്ച് വിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. തുരങ്കത്തില്‍ പൊടി ഉയരുന്ന സാഹചര്യം ഒഴിവാക്കാന്‍ പ്രത്യേക ജലസേചന സംവിധാനമുളള ടാങ്കര്‍ പീച്ചിയില്‍ നിന്നും എത്തിച്ച് തുരങ്കം നനയ്ക്കും.
രാവിലെ അഞ്ച് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് കുതിരാനില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുളളത്. നിയന്ത്രണം ഇന്നും തുടരും. ട്രയല്‍ റണ്‍ ഇന്ന് അവസാനിക്കും. ട്രയല്‍ റണിന്റെ പുരോഗതി വിലയിരുത്തിയതിന് ശേഷമാണ് 15 ദിവസം നീളുന്ന രണ്ട് ഘട്ടങ്ങളിലൂടെ കുതിരാന്‍ മേഖലയില്‍ കേബിളിംഗ് പൂര്‍ത്തിയാക്കുക.