കൊറോണ വൈറസ്; സംസ്ഥാനത്ത് 173 പേർ കൂടി നിരീക്ഷണത്തിൽ; പത്ത് പേർ ആശുപത്രിയിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th January 2020 09:01 PM |
Last Updated: 29th January 2020 09:01 PM | A+A A- |
കൊച്ചി: കൊറോണ വൈറസ് പടരുന്ന സാഹചര്യം നിലനിൽക്കെ കേരളത്തിൽ 173 പേർ കൂടി നിരീക്ഷണത്തിൽ. പ്രതിരോധത്തിന്റെ ഭാഗമായി ചൈനയിൽ നിന്നെത്തിയവരുൾപ്പെടെയുള്ളവരാണ് നിരീക്ഷണത്തിലുള്ളത്. ആകെ നിരീക്ഷത്തിലുള്ള 806 പേരില്‍ 10പേര്‍ മാത്രമാണ് ആശുപത്രികളിലുള്ളത്.
ചൈനയില്‍ വ്യാപാര ഇടപാടിന് പോയി മടങ്ങിവന്ന കോഴിക്കോട് കുന്ദമംഗലം സ്വദേശിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നിരീക്ഷണ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. പനിയെ തുടര്‍ന്ന് ചികിത്സയ്ക്കെത്തിയപ്പോഴാണ് കൊറോണ വൈറസ് സംശയത്തെതുടര്‍ന്ന് അഡ്മിറ്റ് ചെയ്തത്. ഈ മാസം ഒന്നിന് ചൈനയില്‍ പോയി 17ാം തീയതിയാണ് ഇയാള്‍ നാട്ടില്‍ മടങ്ങിയെത്തിയത്. രക്ത സാംപിള്‍ വൈറോളജി ലാബിലേക്ക് അയച്ച് പരിശോധന നടത്തിയ ശേഷം മാത്രമെ ഇദ്ദേഹത്തെ വിട്ടയ്ക്കു
ചൈനയില്‍ നിന്നെത്തിയ 16പേർ പത്തനംതിട്ട ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. ഇവരെ ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ സന്ദര്‍ശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തുന്നുണ്ടെന്ന് ഡിഎംഒ പറഞ്ഞു. നിരീക്ഷണത്തിലുള്ള 16 പേരില്‍ ഒരാള്‍ക്ക് ചെറിയ പനി ഉണ്ടായിരുന്നു. എന്നാൽ ആന്റിബയോട്ടിക് നല്‍കിയതോടെ അതു ഭേദമായി. ആരിലും ഒരുതരത്തിലുള്ള വൈറസ്ബാധ ലക്ഷണവും ഇതുവരെ കണ്ടെത്തിയിട്ടില്ല.
ആരോഗ്യ വകുപ്പ് ജില്ലയില്‍ രണ്ട് എസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചിട്ടുണ്ട്. പത്തനംതിട്ട ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് വാർഡുകൾ. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ നേരിട്ടും, ആരോഗ്യ വകുപ്പ് ഫോണിലൂടെയും നിരീക്ഷണത്തിലുള്ള 16 പേരുമായും നിരന്തരം ആശയ വിനിമയം നടത്തുന്നുണ്ട്.