ഗവര്‍ണറെ നടുത്തളത്തില്‍ തടഞ്ഞ് പ്രതിപക്ഷം, വാച്ച് ആന്‍ഡ് വാര്‍ഡുമായി ബലപ്രയോഗം; സഭയില്‍ നാടകീയ രംഗങ്ങള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th January 2020 09:16 AM |
Last Updated: 29th January 2020 09:16 AM | A+A A- |
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിനായി എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയുടെ നടുത്തളത്തില്‍ തടഞ്ഞു. ഗോ ബാക്ക് വിളികളുമായി പ്ലക്കാര്‍ഡുകളേന്തി പ്രതിപക്ഷാംഗങ്ങള്‍ ഗവര്‍ണറുടെ മാര്‍ഗമധ്യേ നിലയുറപ്പിക്കുകയായിരുന്നു. പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി ഇടഞ്ഞുനില്‍ക്കുന്ന ഗവര്‍ണറെ നീക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചു കൊണ്ടാണ് പ്രതിപക്ഷം അസാധാരണ പ്രതിഷേധം നടത്തിയത്.
നയപ്രഖ്യാപന പ്രസംഗത്തിനായി എത്തിയ ഗവര്‍ണറെ സ്പീക്കറും മുഖ്യമന്ത്രിയും ചേര്‍ന്ന് സഭയിലേക്ക് ആനയിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി നിന്നത്. ഇവരെ നീക്കാനുളള അനുനയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ വിളിച്ച് വരുത്തി. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ പ്രതിപക്ഷാംഗങ്ങളെ നീക്കുകയായിരുന്നു. വാച്ച് ആന്‍ഡ് വാര്‍ഡിന്റെ വലയത്തിലാണ് ഗവര്‍ണറെ സ്പീക്കറുടെ പോഡിയത്തില്‍ എത്തിച്ചത്.
പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പത്തുമിനിറ്റ് വൈകിയാണ് സഭാ നടപടികള്‍ തുടങ്ങിയത്. ഗവര്‍ണറുടെ നയ പ്രഖ്യാപനം പ്രസംഗം തുടങ്ങിയപ്പോള്‍ പ്രതിപക്ഷം സഭയില്‍ നിന്ന ഇറങ്ങിപ്പോയി.