ബിജെപിയുടെ ജനജാഗരണ സദസിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം; പൊലീസ് സ്വമേധയാ കേസെടുത്തു
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th January 2020 08:11 PM |
Last Updated: 29th January 2020 08:11 PM | A+A A- |
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ബിജെപി നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജനജാഗരണ സദസിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. താമരശ്ശേരി പൊലീസാണ് സാമൂഹിക മാധ്യമങ്ങളിലെ സന്ദേശം ശ്രദ്ധയില്‍പ്പെട്ടതോടെ ഐപിസി സെക്ഷന്‍ 153 പ്രകാരം സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്.
വിവിധ മത വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തിയതിനാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കലാപം ലക്ഷ്യമിട്ട് പ്രകോപനപരമായ പ്രചാരണം നടത്തിയെന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
വ്യാഴാഴ്ച വൈകീട്ട് നാല് മണിക്ക് താമരശ്ശേരി ചുങ്കം ചെക്ക് പോസ്റ്റ് പരിസരത്ത് നിന്നാണ് ജന ജാഗരണ സദസ് സ്വാഭിമാന റാലി സംഘടിപ്പിക്കുന്നത്. വര്‍ഗീയ ഫാസിസ്റ്റുകള്‍ പരിപാടി സംഘടിപ്പിക്കുന്നത് പ്രമാണിച്ച് വൈകീട്ട് മൂന്ന് മണി മുതല്‍ രാത്രി എട്ട് മണി വരെ കടകള്‍ അടച്ചിടണമെന്നും പൊതുജനങ്ങള്‍ റോഡിലിറങ്ങാതെയും മോട്ടോര്‍ വാഹന തൊഴിലാളികള്‍ വാഹനങ്ങളുടെ ഓട്ടം നിര്‍ത്തിവെച്ചും പ്രതിഷേധിക്കണമെന്നുമായിരുന്നു പ്രചരിച്ച ആഹ്വാനം. വാട്സാപ്പടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പ്രചാരണം നടന്നത്.