മൂക്ക് തറയോട് ചേര്‍ത്ത് ആഴത്തില്‍ മണം പിടിച്ചു, മുന്‍കാലുകള്‍ ഉപയോഗിച്ച് കുഴിച്ചു; ഒന്നര അടിയില്‍ പൊന്തിവന്നത് രണ്ടുലക്ഷം രൂപയുടെ ചരസ്; ഇത് പൊലീസിന്റെ സ്വന്തം 'റാണ'
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th January 2020 11:42 AM |
Last Updated: 29th January 2020 11:42 AM | A+A A- |
തൃശൂര്‍: മണ്ണിനടിയില്‍ കുഴിച്ചിട്ട രണ്ടുലക്ഷം രൂപയുടെ ലഹരിമരുന്ന് മണത്ത് കണ്ടുപിടിച്ച് പൊലീസ് നായ. 360 ഗ്രാം ചരസ് ആണ് റൂറല്‍ പൊലീസ് ഡോഗ് സ്‌ക്വാഡിലെ നര്‍കോട്ടിക് സ്‌നിഫര്‍ ഡോഗ് ആയ റാണ പിടികൂടിയത്. വടൂക്കര കൃഷ്ണപിളള നഗറില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദ് ഇക്ബാലിന്റെ വീടിന്റെ പുറകിലെ മതിലിനോട് ചേര്‍ന്ന് കുഴിച്ചിട്ട നിലയിലായിരുന്നു ചരസ്. ഇയാളും കൂട്ടാളികളും പൊലീസ് കസ്റ്റഡിയിലുണ്ട്.
കഴിഞ്ഞ 24ന് മുഹമ്മദ് ഇക്ബാലിന്റെയും സംഘത്തിന്റെയും കൈവശം സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊലീസ് പിടിച്ചെടുത്തിരുന്നു. വീട്ടില്‍ ലഹരിവസ്തു സൂക്ഷിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ റാണയെ ഉപയോഗിച്ചാണ് നെടുപുഴ പൊലീസ് പരിശോധന നടത്തിയത്. മണം പിടിച്ചെടുത്തിയശേഷം മണ്ണുമാന്തിയ നായ, പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു സൂക്ഷിച്ച ചരസ് കണ്ടെത്തുകയായിരുന്നു. ഡോബര്‍മാന്‍ ഇനത്തില്‍പ്പെട്ട രണ്ടര വയസ്സുകാരനാണ് റാണ.
ഇക്ബാലിന്റെ വീടിന്റെ ഉള്‍ഭാഗത്തേയ്ക്കാണ് റാണയെ ആദ്യം കൊണ്ടുപോയത്. തുടര്‍ന്ന് മണംപിടിച്ച റാണ വീടിന്റെ പിന്‍ഭാഗത്തേയ്ക്ക് ഓടി. ഓട്ടത്തിനിടയില്‍ ഒരു നിമിഷം നിന്ന പൊലീസ് നായ മൂക്ക് തറയോടു ചേര്‍ത്ത് ആഴത്തില്‍ മണം പിടിക്കാന്‍ ശ്രമിച്ചു. മതിലിനോടു ചേര്‍ന്നുള്ള ഭാഗത്തെത്തിയപ്പോള്‍ എന്തോ കണ്ടെത്തിയ മട്ടില്‍ കുരച്ചു. മുന്‍കാലുകള്‍ ഉപയോഗിച്ചു നിലത്തു മാന്താന്‍ തുടങ്ങി. കുഴി ഒന്നരയടി താഴ്ചയിലെത്തിയപ്പോള്‍ ചരസ് കണ്ടെത്തുകയായിരുന്നുവെന്ന്് പൊലീസ് പറഞ്ഞു. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു ചരസ്.