ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുക്കാൻ മുഖ്യമന്ത്രിക്ക് ഉദ്യോഗസ്ഥ സമിതിയുടെ ശുപാർശ
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th January 2020 07:13 AM |
Last Updated: 29th January 2020 07:13 AM | A+A A- |

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ എം ബഷീർ വാഹനമിടിച്ചു കൊല്ലപ്പെട്ട കേസിൽ സസ്പെൻഷനിൽ കഴിയുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുക്കാൻ ശുപാർശ. ചീഫ് സെക്രട്ടറി ടോം ജോസ് ചെയർമാനായ ഉദ്യോഗസ്ഥ സമിതിയാണു മുഖ്യമന്ത്രി പിണറായി വിജയന് ശുപാർശ നൽകിയത്.
ഓഗസ്റ്റ് മൂന്നിനു രാത്രി 12.55 നാണ് ബഷീർ കാറിടിച്ചു കൊല്ലപ്പെട്ടത്. അന്നു ശ്രീറാം സർവേ ഡയറക്ടറായിരുന്നു. അപകടം നടക്കുമ്പോൾ താനല്ല, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫയാണു കാർ ഓടിച്ചതെന്നായിരുന്നു ശ്രീറാം ചീഫ് സെക്രട്ടറിക്കു നൽകിയ വിശദീകരണം. അപകട സമയത്തു താൻ മദ്യപിച്ചിരുന്നു തുടങ്ങിയ ആരോപണങ്ങളെല്ലാം 7 പേജുള്ള കത്തിൽ അദ്ദേഹം നിഷേധിച്ചു. മനഃപൂർവമല്ലാത്ത അപകടമാണു സംഭവിച്ചത്. അപകടം ഉണ്ടായ ഉടൻ ബഷീറിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചു. പരിശോധനയിൽ രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയിട്ടില്ലെന്നും ചീഫ് സെക്രട്ടറിയെ ശ്രീറാം അറിയിച്ചിരുന്നു.
നിലവിലെ ചട്ടമനുസരിച്ച് സർക്കാരിന് 6 മാസം വരെ സസ്പെൻഡ് ചെയ്യാൻ അധികാരമുണ്ട്. അതിനുശേഷം ഉദ്യോഗസ്ഥനു കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാം. ഈ കേസിൽ പൊലീസ് ഇതുവരെ കുറ്റപത്രം നൽകിയിട്ടില്ല. കുറ്റപത്രം നൽകിയാൽ സസ്പെൻഷൻ റദ്ദാക്കാനാകില്ല.