സംഘര്‍ഷം തീര്‍പ്പാക്കാനെത്തിയ എസ്‌ഐയെ മര്‍ദിച്ചു; രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌  |   Published: 29th January 2020 08:17 AM  |  

Last Updated: 29th January 2020 08:17 AM  |   A+A-   |  

sfi

 

പാലാ; കൊളജിലെ എസ്എഫ്‌ഐ- കെഎസ് യു പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷം തീര്‍പ്പാക്കാന്‍ എത്തിയ എസ്‌ഐയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സംസ്ഥാന കമ്മിറ്റിയംഗം ഏഴാച്ചേരി പയപ്പാര്‍ തേരുന്താനത്ത് എന്‍.ആര്‍.വിഷ്ണു (25), അരുണാപുരം കീന്തനാനിയില്‍ അജയ് ജയന്‍ (22) എന്നിവരെയാണ് അറസ്റ്റുചെയ്തത്. പാല പോളിടെക്‌നിക്ക് കോളജിലെ അക്രമ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയാണ് നടപടി.

പാലാ സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ. പി.കെ.മാണിക്കായിരുന്നു പരിക്കേറ്റത്. 22ന് വൈകീട്ട് എസ്എഫ്‌ഐ.- കെഎസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. പ്രിന്‍സിപ്പല്‍ പൊലീസ് സഹായം അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന് എസ്‌ഐ ഡ്രൈവറിനൊപ്പം കോളജില്‍ എത്തി. പ്രശ്‌നം പരിഹരിച്ച് വിദ്യാര്‍ഥികള്‍ പിരിഞ്ഞുപോകുന്നതുവരെ പൊലീസ് കോളജിന് പുറത്ത് കാത്തിരുന്നു.  

ഇതിനിടയില്‍ പുറത്തേക്ക് പോയ രണ്ട് വിദ്യാര്‍ഥികള്‍ ബൈക്ക് എടുക്കാനായി തിരിച്ചെത്തിയപ്പോള്‍ കോളജിലേക്കുള്ള റോഡില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായി. ഇവരെ പിന്തിരിപ്പിക്കാന്‍ എത്തിയപ്പോഴാണ് എസ് ഐയെ പിടിച്ചുതള്ളുകയും കൈപിടിച്ച് തിരിക്കുകയും ചെയ്തത്. സംഭവത്തില്‍ കേസ് എടുക്കാന്‍ ആദ്യം പൊലീസ് മടികാണിച്ചിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ വൈറലായതോടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്നാണ് കേസെടുത്തത്. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.